എളമരം കരീമിന്‍റെ പങ്ക് അന്വേഷിക്കണം - ചെന്നിത്തല

Webdunia
വെള്ളി, 25 ജനുവരി 2008 (11:41 IST)
KBJWD
എച്ച്‌.എം.ടിയില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത 200 ഏക്കര്‍ ഭൂമി വിറ്റതില്‍ വ്യവസായ മന്ത്രി എളമരം കരീമിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഭൂമാഫിയക്ക്‌ ഒത്താശ ചെയ്യുന്ന സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതിയായ രേഖകളില്ലാതെ 200 ഏക്കര്‍ ഭൂമിയാണ്‌ വിവിധ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കായി വിറ്റ് തുലച്ചത്.

സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിനുള്ള കരാറിലും ഏര്‍പ്പെട്ടില്ല. എച്ച്.എം.ടിയുടെ 70 ഏക്കര്‍ ഭൂമി വിറ്റതു പോലെ തന്നെ അന്വേഷിക്കേണ്ടതാണ് എളമരം കരീമിന്‍റെ നേതൃത്വത്തില്‍ നടന്ന ഭൂമി കച്ചവടവും. എച്ച്.എം.ടി 70 ഏക്കര്‍ ഭൂമി വിറ്റതിനെക്കാള്‍ വളരെ ഗുരുതരമായ ഭൂമി ഇടപാടാണ് ഇത്.

എച്ച്.എം.ടി കമ്പനിയില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത 651 ഏക്കര്‍ ഭൂമി അതില്‍ നൂറ് ഏക്കര്‍ നായനാര്‍ സര്‍ക്കാര്‍ തിരികെ നല്‍കി. ബാക്കിയുള്ളതില്‍ 200 ഏക്കര്‍ ഭൂമി ഇടതുമുന്നണി സര്‍ക്കാര്‍ വന്നതിന് ശേഷം വിവിധ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കും വന്‍ വ്യവസായികള്‍ക്കും വിറ്റു.

യു.ഡി.എഫ്‌ ഭരണകാലത്ത്‌ എച്ച്‌.എം.ടിക്കെതിരെ നന്നായി കേസ്‌ നടത്തി. എന്നാല്‍ ഇടതു മുന്നണി സര്‍ക്കാര്‍ കേസ്‌ നടത്തിപ്പില്‍ കള്ളക്കളി നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത്‌ നടന്ന മുഴുവന്‍ ഭൂമി ഇടപാടുകളെക്കുറിച്ചും ധവളപത്രം പുറത്തിറക്കണം.

ഐ.എസ്‌.ആര്‍.ഒ ഭൂമി ഇടപാടില്‍ പ്രതിപക്ഷ സമരം മൂലമാണ്‌ സര്‍ക്കാരിന്‌ വേറെ സ്ഥലം കണ്ടെത്തേണ്ടിവന്നത്‌. കൈയ്യേറ്റക്കാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ ചിന്നക്കനാലില്‍ ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചു എന്നാലിപ്പോഴും അവിടെ കൈയ്യേറ്റം തുടരുകയാണെന്ന്‌ അദ്ദേഹം ആരോപിച്ചു.