എളമരം കരീമിനെതിരെ പൊലീസ് കേസെടുത്തു

Webdunia
വ്യാഴം, 31 മെയ് 2012 (09:20 IST)
PRO
PRO
സി പി എം സംസ്ഥാന കമ്മിറ്റിയംഗം എളമരം കരീമിനെതിരെ പൊലീസ് കേസെടുത്തു. ടി പി വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ വി സന്തോഷ് കുമാറിനെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. വടകര എസ് പി ഓഫീസ് മാര്‍ച്ചിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ എളമരം കരീം ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

ടി പി വധക്കേസുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ സി പി എം നേതാക്കളെ അന്യായമായി അറസ്റ്റു ചെയ്യുന്നുവെന്ന്‌ ആരോപിച്ച്‌ വടകര എസ്‌ പി ഓഫീസിലേയ്ക്കു സംഘടിപ്പിച്ച മാര്‍ച്ച്‌ എളമരം കരീമാണ്‌ ഉദ്ഘാടനം ചെയ്തത്‌. മാര്‍ച്ചിനിടെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു എളമരം നടത്തിയ വിവാദ പ്രസംഗമാണ്‌ കേസിനു ആധാരം. എക്കാലവും കേരളം ഭരിക്കുന്നത്‌ ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ ആയിരിക്കില്ലെന്നും ഇതിന്റെ ഭവിഷത്തുകള്‍ അന്വേഷണ സംഘം നേരിടേണ്ടി വരുമെന്നുമായിരുന്നു എളമരം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞത്.

ചന്ദ്രശേഖരന്‍ വധക്കേസ്‌ അന്വേഷിക്കുന്ന ഉദ്യോഗസ്‌ഥരെ എളമരം കരീം ഭീഷണിപ്പെടുത്തിയതായും പ്രകോപനപരമായി പ്രസംഗിച്ചതായും കഴിഞ്ഞ ദിവസം യു ഡി എഫ് കണ്‍‌വീനര്‍ പി പി തങ്കച്ചന്‍ ആരോപിച്ചിരുന്നു. എളമരം കരീമിനെതിരെ കേസെടുക്കണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.