എളമരം കരീം ഇടനിലനിന്നിരുന്നുവെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്

Webdunia
വ്യാഴം, 28 നവം‌ബര്‍ 2013 (15:36 IST)
PRO
കോഴിക്കോട്ടെ ക്വാറി തട്ടിപ്പില്‍ മുന്‍ വ്യവസായ മന്ത്രി എളമരം കരീം ഇടനില നിന്നിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ട്. കൊടുവള്ളി പൊലീസാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കിയത്.

നൌഷാദിന്റെ ഇടപാടില്‍ എളമരം കരീം നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും പദ്ധതിയില്‍ കരാറുണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചെന്നും പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

താന്‍ മന്ത്രിയായിരുന്നപ്പോള്‍ ചക്കിട്ടപാറയില്‍ ഇരുമ്പയിര്‍ ഖനനത്തിനുവേണ്ടി യാതൊരുവിധ അപേക്ഷയും ലഭിച്ചിട്ടില്ലെന്ന് എളമരം കരീം പറഞ്ഞു.

ഖനനാനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്തും കണ്ടിട്ടില്ല. ഏതെങ്കിലും കമ്പനിക്ക് ഖനനത്തിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് മന്ത്രിസഭയില്‍ ഏതെങ്കിലും വിധത്തിലുള്ള ചര്‍ച്ച നടന്നതായും ഓര്‍മയില്ലെന്നും കരീം പറഞ്ഞു.

ഖനനാനുമതി നല്‍കിക്കൊണ്ട് വ്യവസായവകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയ കാര്യവും അറിയില്ല. വകുപ്പിലെ എല്ലാ ഫയലുകളും മന്ത്രി കണ്ടുകൊള്ളണമെന്നില്ല.

മേഖലയിലെ ഇരുമ്പയിര്‍ ഖനനം സംബന്ധിച്ച് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത് കേന്ദ്ര സര്‍ക്കാരാണ്. ഇതിന്റെ പേരില്‍ ഇപ്പോള്‍ ആരോപണവിധേയരായ എംഎസ്പിഎല്‍ അടക്കമുള്ള കമ്പനികള്‍ തമ്മില്‍ സ്പര്‍ധയുണ്ടായിരുന്നു-കരീം പറഞ്ഞു.