എല്ലാ പ്രണയ വിവാഹങ്ങളെയും ലൗ ജിഹാദായി കാണരുതെന്ന് ഹൈക്കോടതി. പ്രണയത്തിനു അതിര്‍വരമ്പില്ലെന്നും മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മിശ്ര വിവാഹങ്ങളെ നിയമവിരുദ്ധമായി വ്യാഖ്യാനിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
കണ്ണൂര്‍ സ്വദേശി ശ്രുതിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. ശ്രുതിയുടെ വിവാഹം ലൗ ജിഹാദല്ലെന്ന് കോടതി ആവര്‍ത്തിച്ചു. ശ്രുതിയും അനീസും പ്രായപൂര്‍ത്തിയായവരാണ്. സ്വന്തം ഇഷ്ടപ്രകാരം നടത്തിയ വിവാഹം നിയമപരമായി നിലനില്‍ക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.
2011-14 കാലഘട്ടത്തില്‍ ബിരുദ പഠനത്തിനിടെ പ്രണയത്തിലായ ഇരുവരും ഡല്‍ഹിയില്‍ വെച്ചാണ് വിവാഹിതരായത്. വിവാഹത്തിനു മുമ്പ് ശ്രുതി മതപരിവര്‍ത്തനം നടത്തിയിരുന്നു. വിവാഹത്തിനുശേഷം ഇരുവരും ഹരിയാനയില്‍ താമസിക്കുന്നതിനിടെയാണ് പൊലീസ് ശ്രുതിയെ കസ്റ്റഡിയില്‍ എടുത്തത്.