എല്ലാവരെയും കൂട്ടിപ്പോയാല്‍ ഒന്നും കിട്ടില്ലെന്ന് പറഞ്ഞിരുന്നു: ബിജു
വ്യാഴം, 10 ഡിസംബര്‍ 2015 (20:15 IST)
സി ഡി കണ്ടെത്താനായി ബിജു രാധാകൃഷ്ണനുമായി സോളാര്‍ കമ്മീഷന്‍ അംഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരുമടങ്ങിയ സംഘം കോയമ്പത്തൂരില്‍. കോയമ്പത്തൂരിലെ സെല്‍വപുരം നോര്‍ത്ത് ഹൌസിംഗ് കോളനിയിലെ വീട്ടിലാണ് തെരച്ചില്‍ നടത്തിയത്. അതിന് ശേഷം സെല്‍വപുരത്ത് സെല്‍വിയുടെ വീട്ടിലും സംഘം തെരച്ചില്‍ നടത്തി. ഒന്നും കണ്ടെത്താനായില്ലെന്നാണ് സൂചന. എല്ലാവരെയും കൂട്ടിപ്പോയാല്‍ ഒന്നും കിട്ടില്ലെന്ന് താന്‍ കമ്മീഷനോട് പറഞ്ഞിരുന്നതാണെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വരുന്നു.
ഉദ്യോഗസ്ഥ സംഘം കോയമ്പത്തൂരില്‍ തന്നെ തുടരുമെന്നാണ് വിവരം. സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി സുനില്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘവും ഒപ്പമുണ്ട്.
ആറ് ഉദ്യോഗസ്ഥരാണ് ബിജു രാധാകൃഷ്ണനൊപ്പം തെളിവെടുക്കാനായി പോയിട്ടുള്ളത്. കോയമ്പത്തൂരില്‍ എത്തിയതോടെ തമിഴ്നാട് പൊലീസ് സംഘവും അനുഗമിച്ചു. തെളിവുകളടങ്ങിയ നാല് സി ഡികളാണ് തന്‍റെ പക്കലുള്ളതെന്നും അതില്‍ ഒരെണ്ണമാണ് ഇപ്പോള്‍ കണ്ടെടുക്കാനായി പോകുന്നതെന്നുമാണ് ബിജു രാധാകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്.
രാജ്യത്ത് എവിടെ നിന്നാണെങ്കിലും സാക്ഷി മുഖേന തെളിവ് കമീഷന് മുമ്പില്‍ എത്തിക്കാന്‍ അധികാരമുണ്ട്. അതിന് കേന്ദ്രനിയമം അനുവദിക്കുന്നുണ്ട്. ഇത് സാധാരണ ആരോപണമല്ല. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കും മറ്റ് പ്രമുഖര്‍ക്കും എതിരായ ശക്തമായ ആരോപണമാണ്. അത് തെളിയിക്കാന്‍ ഉപോല്‍ബലകമായ തെളിവാണിത്. സി ഡിയുടെ രഹസ്യ സ്വഭാവം ഉറപ്പുവരുത്തുകയും ബിജു രാധാകൃഷ്ണന്‍റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും കമീഷന്‍ അറിയിച്ചു. പ്രതിക്ക് 10 മണിക്കൂര്‍ അനുവദിക്കുന്നതിന് തടസമുണ്ടോയെന്ന കമീഷന്‍റെ ചോദ്യത്തിന് അഭിഭാഷകര്‍ എതിര്‍ത്തില്ല.
അതേസമയം, സോളാര്‍ കമ്മീഷന്‍ മുമ്പാകെ ബിജു രാധാകൃഷ്ണന്‍ വികാരാധീനനായി. കേസില്‍ സരിത എന്‍ നായര്‍ക്കും തനിക്കും രണ്ടു നീതിയാണ് ലഭിച്ചത്. സരിതയേയും തന്നെയും നുണ പരിശേധനയ്‌ക്ക് ഹാജരാക്കണമെന്നും ബിജു ആവശ്യപ്പെട്ടു. സരിതയുടെ കത്ത് കണ്ടെടുക്കാനോ കമീഷന്‍ മുമ്പാകെ ഹാജരാക്കാനോ ആരും താല്‍പര്യം കാണിക്കുന്നില്ലെന്നും ബിജു പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്‌തരിക്കണമെന്ന് കാട്ടി കത്തും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരായാണ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പടെയുള്ളവര്‍ സരിതയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന് ബിജു മൊഴി നല്‍കിയത്. കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ സിഡി ഹാജരാക്കാമെന്നും ബിജു അവകാശപ്പെട്ടിരുന്നു. സിഡിയിലെ മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ കണ്ടു താന്‍ ഞെട്ടിയെന്നും, മറ്റു നേതാക്കളുടെ സിഡി മുഖ്യമന്ത്രിയെ കാണിച്ചെന്നും ദൃശ്യങ്ങള്‍ സരിത തന്നെയാണു ശേഖരിച്ചതെന്നും ബിജു മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കമ്മീഷന്‍ സിഡി ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.