വോട്ടവകാശമുള്ള എല്ലാവരും അതു വിനിയോഗിച്ചാല്‍ മാത്രമേ നിഷേധവോട്ടിന് പ്രസക്തിയുള്ളൂവെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. നിയമസഭ സന്ദര്‍ശിച്ച വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പൂര്‍ണ്ണമായും നിരാകരിച്ചുകൊണ്ട് നിഷേധവോട്ട് ചെയ്യാനുള്ള ജനങ്ങളുടെ അവകാശം പരിപാലിക്കുന്നതിലൂടെ ജനാധിപത്യം പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു.
മറ്റൊരു സ്ഥാനാര്‍ത്ഥിയെപ്പോലെ 'നിഷേധവോട്ട്' മാറരുത്. ഇപ്പോള്‍ തന്നെ ധാരാളം പേര്‍ വോട്ട് ചെയ്യാതിരിക്കുന്നുണ്ട്. ഇത് ഒരര്‍ത്ഥത്തില്‍ നിഷേധവോട്ട് തന്നെയാണ്. എന്നാല്‍ നിഷേധവോട്ട് കൂടി സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം രേഖപ്പെടുത്തുന്നത് അത് വ്യവസ്ഥാപിതമാക്കി കൊടുക്കുകയാണ്. ഇത് ചെയ്യുമ്പോള്‍ സമ്മതിദാനാവകാശം കൂടി നിര്‍ബന്ധിതമാക്കേണ്ടതുണ്ട്. നിര്‍ബന്ധിത വോട്ടവകാശം ഇന്ത്യയെപ്പോലെ ബൃഹത്തായ ജനധിപത്യ പ്രക്രിയ നടക്കുന്ന ഒരു രാഷ്ട്രത്തില്‍ വിജയകരമായി നടപ്പാക്കാന്‍ കഴിയും - സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
ലക്ഷ്യം തെറ്റി സഞ്ചരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അഴിമതിയില്‍ നിന്നും ഭരണകര്‍ത്താക്കളേയും ജനപ്രതിനിധികളെയും നേര്‍വഴിക്ക് നയിക്കേണ്ട ഉത്തരവാദിത്തം ജനങ്ങള്‍ക്കാണ്. നിഷേധവോട്ടവകാശം കൂടി ലഭിച്ചതോടെ കൂടുതല്‍ ഊര്‍ജ്ജം ജനങ്ങള്‍ക്ക് ലഭിച്ചുവെന്നും അത് യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ തന്നെ ജനങ്ങള്‍ ഉള്‍ക്കൊണ്ട് രാജ്യത്തിന്റെ ജനാധിപത്യം ലോകരാഷ്ട്രങ്ങള്‍ക്ക് തന്നെ മാതൃകയാകുന്ന തരത്തില്‍ വളര്‍ത്തണമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.