ആലുവയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയില്‍ ഞായറാഴ്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക് നടത്തുന്നത്.
അതേസമയം, ആലുവ ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചിരിക്കുകയാണ്. ആലുവയില്‍ ഇന്ന് ഉച്ചവരെ പണിമുടക്കാനും ജീവനക്കാര്‍ തീരുമാനിച്ചു.
ആലുവ ഡിപ്പോയിലെ ബസ് ഡ്രൈവര്‍ ആലുവ സൗത്ത് വെളിയത്തുനാട് വല്ല്യപ്പന് പടി ശിവരഞ്ജിനി വീട്ടില്‍ പി വി.സദാശിവന് (54) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇപ്പോള്‍ പൂക്കാട്ടുമുകള്‍ ഭാഗത്ത് താമസിക്കുന്ന കുഞ്ചാട്ടുകര പൂഞ്ഞാട്ടുപറമ്പില് അഷ്റഫ് (37), മുപ്പത്തടം വാഞ്ചിയില്‍ അനസ് (45) എന്നിവരെയാണ് പൊലീസ് പിടികൂടിയിട്ടുള്ളത്. ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്പില് വച്ച് രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.
എടയപ്പുറം സഹകരണ മെഡിക്കല്‍ കോളേജ് ബസ്സാണ് സദാശിവന് ഓടിച്ചിരുന്നത്. എടയപ്പുറത്ത് നിന്ന് വന്ന ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുവാന്‍ തുടങ്ങുമ്പോള്‍ ബൈക്കില്‍ മുട്ടിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. . ഇതിനെ തുടര്‍ന്ന് സദാശിവന് സംഭവ സ്ഥലത്ത് കുഴഞ്ഞു വീണു മരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.