എന്‍‌ഡി‌എഫിനെ കുഞ്ഞാലിക്കുട്ടി സഹായിക്കുന്നു!

Webdunia
ബുധന്‍, 31 ഓഗസ്റ്റ് 2011 (20:10 IST)
PRO
മുസ്ലിം ലീഗിനുള്ളിലേക്ക് എന്‍ ഡി എഫ് നുഴഞ്ഞുകയറുന്നു എന്നും ഇത്തരം നീക്കങ്ങള്‍ക്ക് പി കെ കുഞ്ഞാലിക്കുട്ടിയുടെ സഹായം എന്‍ ഡി എഫിനുണ്ടെന്നും എം കെ മുനീര്‍ പറഞ്ഞതായി വിക്കിലീക്സ് വെളിപ്പെടുത്തല്‍. കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമര്‍ശനം മുനീര്‍ നടത്തിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

2007 ഡിസംബറില്‍ ചെന്നൈ കോണ്‍സുലേറ്റില്‍ നിന്ന് അമേരിക്കയിലേക്ക് അയച്ച രേഖകളിലാണ് മുനീറിനെ പരാമര്‍ശിക്കുന്ന ഭാഗമുള്ളത്. എന്‍ ഡി എഫിന് അല്‍‌ക്വൊയ്ദ ബന്ധമില്ലെന്നും ചില മുന്‍‌കാല സിമി പ്രവര്‍ത്തകരാണ് എന്‍ ഡി എഫില്‍ പ്രവര്‍ത്തിക്കുന്നതെന്നും മുനീര്‍ പറഞ്ഞതായി രേഖയില്‍ പറയുന്നു. എന്നാല്‍ ചെറിയ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എന്‍ ഡി എഫിന് കഴിയുമെന്നും മുനീര്‍ പറയുന്നുണ്ട്.

എന്നാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ താന്‍ വിമര്‍ശനങ്ങള്‍ നടത്തിയെന്ന് തെളിയിക്കുന്ന വിക്കിലീക്സ് രേഖകളില്‍ പറയുന്ന കാര്യങ്ങളെല്ലാം നിഷേധിക്കുകയാണെന്ന് എം കെ മുനീര്‍ അറിയിച്ചു. കേരളത്തിലെ തീവ്രവാദത്തെ സംബന്ധിച്ച് അമേരിക്കന്‍ സംഘവുമായി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല - മുനീര്‍ വ്യക്തമാക്കി.

കേരളത്തിലേക്ക് ഹവാല പണം ഒഴുകുന്നതായും വിക്കിലീക്സ് രേഖകളിലുണ്ട്.