തന്‍റെ സ്വത്ത് വിവരങ്ങളെ പറ്റി അന്വേഷിക്കരുതെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍. കെ ജി ബി ആദായ നികുതി വകുപ്പിന് നല്‍കിയ സ്വത്തുവിവരങ്ങള്‍ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ ഡോ. ടി ബാലചന്ദ്രന്‍ വിവരാവകാശ കമ്മീഷന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തന്‍റെ സ്വത്തുവിവരങ്ങള്‍ പരസ്യമാക്കരുതെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ വിവരാവകാശ കമ്മീഷന് നിര്‍ദ്ദേശം നല്‍കി.
ജസ്റ്റിസ് ബാലകൃഷ്ണന്‍റെ നിര്‍ദ്ദേശമനുസരിച്ച്, സ്വത്തുവിവരം വെളിപ്പെടുത്താനാകില്ലെന്നാണ് വിവരാവകാശ കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. തന്‍റെ സ്വത്തുവിവരത്തില്‍ പൊതുതാല്‍പ്പര്യമുണ്ടാകേണ്ട കാര്യമില്ലെന്ന് കെ ജി ബി വിവരാവകാശത്തിലെ സെക്ഷന്‍ എട്ട് ചൂണ്ടിക്കാട്ടിയാണ് അറിയിച്ചിരിക്കുന്നത്.
എന്നാല്‍ കെ ജി ബി ഒരു സാധാരണ വ്യക്തിയല്ലെന്നും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമാണെന്നും അദ്ദേഹത്തിന്‍റെ സ്വത്തുവിവരം പൊതുതാല്‍പ്പര്യത്തിന്‍റെ പരിധിയില്‍ വരുന്നതാണെന്നുമാണ് നിയമവിദഗ്ധരുടെ അഭിപ്രായം. എന്തായാലും കെ ജി ബിയുടെ സ്വത്തുവിവരം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് ഡോ. ടി ബാലചന്ദ്രന്‍.