വിവാദങ്ങള്‍ക്കിടെ വി മുരളീധരന്‍ തന്നെ ബി ജെ പി സംസ്ഥാന അധ്യക്ഷനായി തുടരാന്‍ കേന്ദ്ര നേതൃത്വം നിശ്ചയിച്ചു. വി മുരളീധരനെ വീണ്ടും അധ്യക്ഷനാക്കുന്നതിനെതിരെ ബി ജെ പി സംസ്ഥാന ഘടകത്തില്‍ ചരടുവലികള്‍ നടക്കുന്നതിനിടെയാണ് മുരളീധരനെ വീണ്ടും അധ്യക്ഷനായി തെരഞ്ഞെടുത്തത്. അതിനാല്‍ തന്നെ അധ്യക്ഷ പദവി തുടരുമ്പോളും അദ്ദേഹത്തിന് ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. വി മുരളീധരന്റെ കാലാവധി ജനുവരിയില്‍ അവസാനിച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുത്തത്. മൂന്ന് വര്‍ഷമാണ് സംസ്ഥാന പ്രസിഡന്റിന്റെ കാലാവധി.
വി മുരളീധരനെ തുടരാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ പ്രമുഖ നേതാക്കളും ഒമ്പത് ജില്ലാ പ്രസിഡന്റുമാരും ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന് കത്തയച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. മുരളീധരന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് വ്യക്തികത്വവും കര്‍മ്മശേഷിയും നഷ്ടപ്പെട്ടു. സംഘടനാ പ്രവര്‍ത്തനത്തില്‍ കൂട്ടായ്മ നഷ്ടമായി. സംസ്ഥാന സര്‍ക്കാരിനെതിരെയോ ഇടത് പക്ഷത്തിനെതിരെയോ ഇക്കാലയളവില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടിക്കായില്ല. എന്‍എസ്എസ്, എസ്എന്‍ഡിപി എന്നി സാമുദായിക സംഘടനകളുമായി കൂടുതല്‍ അകന്നു തുടങ്ങിയ ആരോപണങ്ങളാണ് കത്തില്‍ ഉന്നയിച്ചിരുന്നത്.
ആര്‍എസ്എസ് പോലുള്ള ബിജെപി അനുകൂല സംഘടനകള്‍ക്കിടയില്‍ മുരളീധരന് സ്വാധീനമില്ലെന്നും ഇത് അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്നും കത്തില്‍ പറയുന്നു.