എച്ച് 1 എന്‍ ‍1: പാലക്കാട് ഒരു വയസ്സുകാരി മരിച്ചു

Webdunia
വ്യാഴം, 26 ഫെബ്രുവരി 2015 (08:37 IST)
ജില്ലയില്‍ എച്ച് 1 എന്‍ 1 ബാധിച്ച് ഒരു വയസ്സുകാരി മരിച്ചു. പാലക്കാട് മുണ്ടൂര്‍ പൂതന്നൂര്‍ കിഴക്കേക്കര വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകള്‍ അഖിലയാണ് മരിച്ചത്. ഫെബ്രുവരി ഏഴിനാണ് കുട്ടി മരിച്ചത്. പക്ഷേ, മരണം എച്ച് 1 എന്‍ 1 ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചത് കഴിഞ്ഞദിവസമാണ്. 
 
മണിപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ജനുവരി 29ന് കുഞ്ഞിന് പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചില സ്വകാര്യ ആശുപത്രികളില്‍ പരിസോധന നടത്തിയെങ്കിലും കുട്ടിയുടെ ആരോഗ്യനില വഷളാകുകയായിരുന്നു. ഇതിനെ തുടര്‍ന്ന്, തൃശുര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്‌തെങ്കിലും ഫെബ്രുവരി ഏഴിന് കുട്ടി മരിക്കുകയായിരുന്നു.
 
ഈ വര്‍ഷം പാലക്കാട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ എച്ച് 1 എന്‍ 1 മരണമാണിത്. ഇതുള്‍പ്പെടെ എച്ച് 1 എന്‍ 1 രോഗവുമായി ബന്ധപ്പെട്ട് ജില്ലയില്‍ മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡെപ്യൂട്ടി ഡി എം ഒ കെ എ നാസര്‍ അറിയിച്ചു.