എം കെ സാനുവിന് എഴുത്തച്ഛന്‍ പുരസ്കാരം

വെള്ളി, 1 നവം‌ബര്‍ 2013 (21:24 IST)
PRO
പ്രൊഫ. എം കെ സാനുവിന്‌ എഴുത്തച്ഛന്‍ പുരസ്കാരം. സാഹിത്യരംഗത്തെ നിസ്‌തുലമായ പ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം. ഒന്നരലക്ഷം രൂപയും പ്രശസ്‌തിപത്രവും ശില്‍പവും അടങ്ങുന്നതാണ്‌ എഴുത്തച്ഛന്‍ പുരസ്കാരം‌. സാംസ്കാരിക മന്ത്രി കെ സി ജോസഫാണ്‌ പുരസ്കാരവിവരം പ്രഖ്യാപിച്ചത്‌.

പുരസ്കാരസമിതി ഏകകണ്ഠമായാണ്‌ എം കെ സാനുവിന് പുരസ്കാരം നല്‍കാനുള്ള തീരുമാനമെടുത്തത്. പുരസ്കാരത്തുകയല്ല, അവാര്‍ഡിന്‍റെ മഹത്വമാണ് താന്‍ കാര്യമാക്കുന്നതെന്നും പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും എം കെ സാനു പ്രതികരിച്ചു.

സാഹിത്യരംഗത്തും അധ്യാപന രംഗത്തും മികവുറ്റ സംഭാവനകള്‍ നല്‍കിയ എം കെ സാനു നാല്‍പ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മൃത്യുഞ്ജയം കാവ്യജീവിതം, ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം (ജീവചരിത്രം), ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍ (ജീവചരിത്രം), ഉറങ്ങാത്ത മനീഷി (പി കെ ബാലകൃഷ്ണന്റെ ജീവചരിത്രം), ഇവര്‍ ലോകത്തെ സ്നേഹിച്ചവര്‍, അശാന്തിയില്‍ നിന്ന് ശാന്തിയിലേക്ക് - ആശാന്‍ പഠനത്തിന് ഒരു മുഖവുര തുടങ്ങിയവ എം കെ സാനുവിന്‍റെ പ്രധാന കൃതികളാണ്. ‘കര്‍മഗതി’യാണ് ആത്മകഥ.

ചിത്രത്തിന് കടപ്പാട്: മാതൃഭൂമി ന്യൂസ്

വെബ്ദുനിയ വായിക്കുക