വിമതരെ അനുനയിപ്പിക്കാനുള്ള സി പി എം ശ്രമം ഫലം കണ്ടു വരുന്നെന്ന് സൂചന. ജനകീയ വികസന സമിതി ചെയര്‍മാനും ഷൊര്‍ണൂര്‍ നഗരസഭ അധ്യക്ഷനുമായ എം ആര്‍ മുരളി സിപിഎമ്മിലേക്കു തിരികെ വരുന്നെന്ന് റിപ്പോര്‍ട്ട്. മുരളിയുമായി ചര്‍ച്ച നടത്തിയ സിപിഎം സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ ധാരണയിലെത്തിയെന്നാണ് വിവരം.
സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ കെ ബാലന്‍ എംഎല്‍എയുടെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ചകള്‍. മുരളി തിരികെ എത്തുന്നതോടെ മുരളിയോടൊപ്പം പാര്‍ട്ടി വിട്ടവരും സി പി എമ്മിലേക്ക് തിരികെയെത്തുമെന്നാണ് പ്രതീക്ഷ. സിപിഎം വിട്ടവര്‍ ചേര്‍ന്നു രൂപീകരിച്ച ഇടതുപക്ഷ ഏകോപന സമിതിയുടെ കണ്‍വീനറായിരുന്നു മുരളി.
ഷൊര്‍ണൂരില്‍ മുരളിയുടെ നേതൃത്വത്തിലുള്ള ഭരണം തുടരുന്ന തരത്തിലുള്ള ഒത്തുതീര്‍പ്പിനാണ് അരങ്ങൊരുങ്ങുന്നത്. എം ആര്‍ മുരളി നേതൃത്വം നല്‍കുന്ന ജനകീയ വികസന സമിതി സി പി ഐയില്‍ ലയിക്കുന്നെന്ന വാര്‍ത്തകള്‍ നേരെത്തെ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് മുരളി സി പി എമ്മിലേക്ക് തിരികെയെത്തുന്നത്.
സിപിഎമ്മിലേക്കു മടങ്ങാന്‍ മുരളിക്കുള്ള പ്രധാന തടസ്സം ജില്ലാ കമ്മിറ്റിയിലെ ഔദ്യോഗിക പക്ഷത്തിന്റെ കടുത്ത എതിര്‍പ്പാണ്. മുണ്ടൂരിലെ വിമതപ്രശ്നത്തിലും ഇവര്‍ വിട്ടുവീഴ്ചയ്ക്കു തയാറായിരുന്നില്ല.
പാര്‍ട്ടിയുടെ ഒറ്റപ്പാലം ഏരിയ കമ്മിറ്റിക്കും ഷൊര്‍ണൂര്‍ ലോക്കല്‍ കമ്മിറ്റിക്കും മുരളി തിരിച്ചുവരുന്നതില്‍ എതിര്‍പ്പുണ്ട്. പാര്‍ട്ടി വിട്ട മുരളിയുടെ പ്രസ്‌താവനകള്‍ അത്രയേറെ പ്രകോപനപരമായിരുന്നു.