ഋഷിരാജ് സിംഗ് സ്ഥാനമൊഴിയുമെന്ന് പറഞ്ഞിട്ടില്ല: തിരുവഞ്ചൂര്‍

Webdunia
ശനി, 14 ജൂണ്‍ 2014 (12:49 IST)
ഋഷിരാജ് സിംഗ് സ്ഥാനമൊഴിയുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജനങ്ങളുടെ ബുദ്ധിമുട്ടൊഴിവാക്കാനാണ് വാഹനങ്ങളില്‍ പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതിനുള്ള ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും ഉത്തരവ് പിന്‍വലിച്ചതുകൊണ്ട് സ്ഥാനമൊഴിയുകയാണെന്ന് ഋഷിരാജ് സിംഗ് പറഞ്ഞിട്ടില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. നേരത്തേ തന്നെ ഋഷിരാജ് സിംഗ് അവധിക്ക് അപേക്ഷ നല്‍കിയിരുന്നെന്നും ഡല്‍ഹിക്ക് പോകാനായിരുന്നു ഇതെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഭൂരിപക്ഷം കാറുകള്‍ക്കും പിന്നില്‍ സീറ്റ് ബെല്‍റ്റില്ലെന്നും ഈ സാഹചര്യത്തില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അതുകൊണ്ടാണ് ഉത്തരവ് പിന്‍‌വലിക്കാന്‍ തീരുമാനിച്ചത് - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

അതേസമയം ഋഷിരാജ് സിംഗിനെ ഒതുക്കാനുള്ള നടപടികള്‍ ശരിയല്ലെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു.

ഒരു മാസത്തെ അവധിക്കായാണ് ഋഷിരാജ് സിംഗ് സര്‍ക്കാരിന് കത്തു നല്‍കിയിരിക്കുന്നത്. കാറിന്‍റെ പിന്‍‌സീറ്റ് ബെല്‍റ്റുകള്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് പിന്‍‌വലിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയത് തന്നോട് ആലോചിക്കാതെയാണെന്നും ആ തീരുമാനത്തില്‍ അതൃപ്തിയുണ്ടെന്നുമാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്ന വിവരം. ജൂണ്‍ 20ന് അവസാനിക്കേണ്ട അവധി ജൂലൈ 13ലേക്ക് നീട്ടണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.