ഉമ്മന്‍ ചാണ്ടി സ്വയം അന്വേഷിക്കണമെന്ന് കോടിയേരി

Webdunia
ബുധന്‍, 30 മാര്‍ച്ച് 2011 (15:22 IST)
ഉമ്മന്‍ ചാണ്ടി സ്വയം അന്വേഷണത്തിന് വിധേയനാകണമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. അഴിമതിക്ക്‌ കൂട്ടുനില്‍ക്കാത്തതിനാണ്‌ തന്നെ മന്ത്രിസഭയില്‍ നിന്നും പുത്താക്കിയതെന്ന കെ കെ രാമചന്ദ്രന്‍ മാസ്റ്ററുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു ആഭ്യന്തരമന്ത്രിയുടെ ഈ ആവശ്യം. തിരുവനന്തപുരം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടി സ്വയം അന്വേഷണത്തിന്‌ വിധേയമാകണം. രാമചന്ദ്രന്‍ മാസ്റ്ററുടെ ആരോപണം ഗൗരവമുള്ളതാണ്‌. ടൈറ്റാനിയം അഴിമതി ആരോപണത്തില്‍ വിജിലന്‍സ്‌ അന്വേഷണത്തോട്‌ രാമചന്ദ്രന്‍ മാസ്റ്റര്‍ സഹകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിലെ പേയ്‌മെന്റ് സീറ്റുകള്‍ ഏതൊക്കെയാണെന്ന്‌ രാമചന്ദ്രന്‍ മാസ്റ്റര്‍ വെളിപ്പെടുത്തണം. കാസര്‍കോട്‌ മുസ്ലിംലീഗും പേയ്‌മെന്റ് സ്ഥാനാര്‍ത്ഥികളെയാണ്‌ നിര്‍ത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തുടര്‍ച്ചയായി ഇടതുഭരണം കേരളത്തില്‍ ഉണ്ടാകാത്തതാണ്‌ വികസന മുരടിപ്പിന്‌ കാരണം. ഇതു തിരുത്തുവാനുള്ള അവസരമാണ്‌ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ക്ക്‌ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.