സിപിഎമ്മിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ഒത്തു തീര്‍ന്നതിനു പിന്നില്‍ ഗൂഢാലോചനയെന്ന് ആര്‍എംപി നേതാവും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമ. ടിപി വധക്കേസില്‍ ഉന്നതരായ പ്രതികളിലേക്ക് അന്വേഷണം എത്താതിരിക്കുന്നതിനു വേണ്ടിയാണ് ഒത്തു തീര്‍പ്പുണ്ടായതെന്ന് രമ പറഞ്ഞു. ടിപി വധക്കേസില്‍ ഗൂഡാലോചനയില്‍ പങ്കാളികളായ മുഴുവന്‍ പേരെയും പുറത്തുകൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുമെന്നും രമ പറഞ്ഞു.
മുഖ്യമന്ത്രിയെ രാജിവെപ്പിച്ച ശേഷമേ സമരം തീരൂ എന്നു പറഞ്ഞായിരുന്നു ഉപരോധ സമരം നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12.20 വരെ ഇതുതന്നെയായിരുന്നു സിപിഎം നേതൃത്വം പറഞ്ഞത്. പത്ത് മിനിറ്റിനകമാണ് സമരം അവസാനിപ്പിക്കുന്ന ഘട്ടത്തിലേക്ക് എത്തിയത്. ഇതിന്റെ പിന്നില്‍ വളരെ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. എല്‍ഡിഎഫും യുഡിഎഫും കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രവര്‍ത്തകരോട് ഇതിന് മാപ്പു പറയേണ്ടിയിരിക്കുന്നു.
ലാവ്‌ലിന്‍ കേസ്, ടി.പി വധക്കേസ്, ജയകൃഷ്ണന്‍ വധക്കേസ് എന്നിവയിലെല്ലാം അഡ്ജസ്റ്റ്മെന്റ് നടക്കുകയാണ്. ഇതിന്റെയൊക്കെ ഭാഗമായി തന്നെയാണ് ഈ സമരം അവസാനിപ്പിച്ചതെന്നാണ് തങ്ങള്‍ക്ക് കിട്ടുന്ന സൂചനയെന്നും രമ ആരോപിച്ചു.