ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്ക്ക് നാടിന്റെ വിട; സംസ്കരിച്ചത് ഔദ്യോഗിക ബഹുമതികളോടെ

Webdunia
തിങ്കള്‍, 16 ഡിസം‌ബര്‍ 2013 (17:33 IST)
PRO
PRO
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ ഇനി ഓര്‍മ. അന്തരിച്ച മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് നാട് അന്ത്യാഞ്ജലി നല്‍കി. ഭൗതികശരീരം പുലര്‍ച്ചയോടെ കോട്ടയ്ക്കകത്തെ കൊട്ടാരം ലെവിഹാളില്‍ എത്തിച്ചു. വൈകിട്ട് അഞ്ചരയോടെ കവടിയാര്‍ കൊട്ടാര വളപ്പില്‍ സംസ്‌കാരം നടന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ ലെവിഹാളിലെത്തി ഉത്രാടം തിരുനാളിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

രണ്ട് മണിയോടെ ലെവി ഹാളില്‍ നിന്നും മൃതദേഹം വിലാപയാത്രയായി കവടിയാര്‍ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. കൊട്ടാരത്തില്‍ വച്ച് നടന്ന ചടങ്ങുകളില്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് മകന്‍ അനന്തപത്മനാഭന്റെയും അനന്തരവന്‍ മൂലംതിരുനാള്‍ രാമവര്‍മ്മയുടെ നേതൃത്വത്തില്‍ സംസ്കാരചടങ്ങുകള്‍ നടന്നു.

തിങ്കാളാഴ്ച പുലര്‍ച്ചെ 2.20-ന് എസ്‌യുടി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആന്തരിക രക്തസ്രാവവും ഹൃദയാഘാതവുമായിരുന്നു മരണകാരണം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. രാജകുടുംബത്തിന്റെ കാരണവരും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ രക്ഷാധികാരിയുമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെ ശ്വാസതടസ്സത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

തിരുവിതാംകൂര്‍ ഭരിച്ച അവസാനത്തെ രാജാവായ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയുടെ അനുജനാണ്. 1922 മാര്‍ച്ച് 22ന് രവിവര്‍മ കൊച്ചു കോയിക്കല്‍ തമ്പുരാന്റെയും റാണി സേതു പാര്‍വതി ഭായിയുടെയും മകനായി ജനനം‍. 1947 വരെ തിരുവിതാംകൂറിന്റെ ഇളയരാജാവ്. 1991-ല്‍ മഹാരാജാവായി അവരോധിതനായി.