സി പി എം - ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന അക്രമസംഭവങ്ങള്‍ കേരളത്തിനാകെ അപമാനമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒരു പ്രകോപനവുമില്ലാതെ ആസൂത്രിതമായി നടക്കുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
അക്രമങ്ങള്‍ക്കെതിരെ ഫലപ്രദമായ നടപടിയെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന ഉന്നതാധികാരയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല. യോഗത്തില്‍ ഹോം സെക്രട്ടറി, ഇന്‍റലിജന്‍സ് എ ഡി ജി പി, അഡ്മിനിസ്ട്രേഷന്‍ എ ഡി ജി പി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.
ഇത്തരം അക്രമസംഭവങ്ങള്‍ തങ്ങള്‍ക്ക് ഭൂഷണമാണോ എന്ന് സി പി എമ്മും ബി ജെ പിയും ആലോചിക്കണം. ഒരുകാരണവശാലും അക്രമങ്ങള്‍ തുടരാന്‍ അനുവദിക്കില്ല. സമാധാനപരമായി ഓണാഘോഷം നടക്കുന്നതിനിടെ ഇങ്ങനെ അക്രമങ്ങള്‍ അരങ്ങേറുന്നത് തികച്ചും ആസൂത്രിതമാണ്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് - ആഭ്യന്തരമന്ത്രി പറഞ്ഞു.
വീടുകള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ അക്രമങ്ങളുണ്ടായി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല - രമേശ് ചെന്നിത്തല അറിയിച്ചു.