ഇനി ഗ്യാസിന് 41.32 രൂപ കുറയും

Webdunia
തിങ്കള്‍, 20 ജനുവരി 2014 (09:09 IST)
PRO
സബ്‌സിഡി സിലിണ്ടറുകള്‍ക്കു മൂല്യവര്‍ധിതനികുതി (വാറ്റ്‌) ഒഴിവാക്കാന്‍ സംസ്‌ഥാനസര്‍ക്കാര്‍ തീരുമാനിച്ചതോടെ പാചകവാതകവില 41.32 രൂപ കുറയും. പാചകവാതക സിലിണ്ടറുകളുടെ സബ്‌സിഡി തുകയ്ക്ക് മൂല്യവര്‍ധിത നികുതി ഒഴിവാക്കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

സബ്‌സിഡിയുള്ള ഗാര്‍ഹികാവശ്യസിലിണ്ടറിന് 41.32 രൂപ കുറച്ചുകൊണ്ട് മന്ത്രി കെ.എം. മാണി ഉത്തരവിറക്കി.നിലവില്‍ 1,300 രൂപയാണ് പാചകവാതക സിലിണ്ടറിന്റെ വില. 856 രൂപയാണ് ഒരു സിലിണ്ടറിന് സബ്‌സിഡിയായി നല്‍കുന്നത്.

ഈ സബ്‌സിഡി തുകയ്ക്ക് അഞ്ചു ശതമാനം വാറ്റ് ഈടാക്കുന്നതുമൂലം 814 രൂപ മാത്രമേ സബ്‌സിഡിയായി ഉപഭോക്താവിന് ഇപ്പോള്‍ ബാങ്കില്‍ ലഭിക്കുന്നുള്ളൂ. സര്‍ക്കാറിന്റെ പുതിയ തീരുമാനം വന്നതോടെ ഇനിമുതല്‍ പാചകവാതക സിലിണ്ടറിന് വിലയായ 13,00 രൂപയില്‍ നിന്ന് വാറ്റ്തുക കിഴിച്ചുള്ള വില ഉപഭോക്താക്കള്‍ നല്‍കിയാല്‍ മതിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.

പുതിയ തീരുമാനംവഴി സംസ്ഥാന സര്‍ക്കാറിന് ഏകദേശം 247 കോടി രൂപയുടെ അധികബാധ്യത ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തില്‍ 90 ശതമാനം പേര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചെങ്കിലും ബാങ്കുകളുമായി ലിങ്ക് ചെയ്തിരിക്കുന്നത് 57 ശതമാനംപേര്‍ മാത്രമാണ്. അതുകൊണ്ടാണ് ആറുമാസത്തേക്ക് സാവകാശം സംസ്ഥാനം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് രണ്ടുമാസത്തെ സാവകാശം നമുക്ക് ലഭിച്ചിട്ടുണ്ട്.

ആവശ്യമെങ്കില്‍ കൂടുതല്‍ സമയം നീട്ടിത്തരാമെന്ന് കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വാറ്റ് നികുതി ഒഴിവാക്കിയ നടപടിക്ക് ജനവരി ഒന്നുമുതല്‍ മുന്‍കാലപ്രാബല്യം ഉണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

ഇതുസംബന്ധിച്ച വിജ്ഞാപനം തിങ്കളാഴ്ച പുറപ്പെടുവിക്കും. വിജ്ഞാപനത്തിന് പകരമുള്ള ബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ത്തന്നെ അവതരിപ്പിക്കുമെന്ന് മന്ത്രി മാണി അറിയിച്ചു.