ഐസ്ക്രീം പാര്‍ലര്‍ കേസില്‍ ഇത്തവണ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള കുടുക്കുകള്‍ മുറുകുന്നു എന്ന് സൂചന. പീഡനത്തിന് ഇരയായ റജീന, റജുല എന്നിവരുടെ മൊഴിമാറ്റം സംബന്ധിച്ച രേഖകള്‍ പുറത്തു വന്നതോടെ കുഞ്ഞാലിക്കുട്ടിക്കും ബന്ധു റൌഫിനും എതിരെ ശക്തമായ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.
ഗൂഡാലോചന (120 ബി), വ്യാജരേഖ ചമയ്ക്കല്‍ (465), വ്യാജ തെളിവുണ്ടാക്കല്‍ തുടങ്ങി അഞ്ച് വകുപ്പുകളിലാണ് കോഴിക്കോട് ടൌണ്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. മൊഴിമാറ്റിപ്പറയാന്‍ സാക്ഷികളെ സ്വാധീനിച്ചു എന്നും ബാഹ്യപ്രേരണ ചെലുത്തി എന്നും ഉള്ള കുറ്റങ്ങളാണ് ഇരുവര്‍ക്കും എതിരെയുള്ളത്. കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റമാണ് ആരോപിച്ചിരിക്കുന്നത്.
റൌഫ് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ അടിസ്ഥാനത്തിലും മൊഴിമാറ്റം സംബന്ധിച്ച രേഖകള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലുമാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. എന്നാല്‍, ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ശക്തമായ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത് എന്ന് സുവ്യക്തമാണ്.
കുഞ്ഞാലിക്കുട്ടിക്കെതിരെ അച്യുതാനന്ദന്‍ സര്‍ക്കാര്‍ കടുത്ത നിലപാട് എടുക്കുമെന്നാണ് ലഭ്യമായ സൂചനകള്‍. സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുന്‍പ് പെണ്‍വാണിഭക്കാരെ കൈയാമം വെച്ച് നടത്തുമെന്ന് ജനുവരി 17 ന് വി എസ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് കുറ്റബോധമുണ്ടെന്ന് പറഞ്ഞതിനെതിരെയും വി എസ് ശക്തമായി പ്രതികരിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് കുറ്റബോധം പെണ്‍കുട്ടികളെ പലകാര്യങ്ങള്‍ക്ക് വിനിയോഗിച്ചതിലാണോ പാകിസ്ഥാനില്‍ നിന്ന് കൊണ്ടുവന്ന കള്ളനോട്ട് കൈകാര്യം ചെയ്തതിലാണോ എന്ന് വ്യക്തമാക്കണമെന്നായിരുന്നു വിഎസിന്റെ പ്രതികരണം.