ഇടുക്കിയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ തമിഴ് സംഘടനകളുടെ ശ്രമം

Webdunia
ശനി, 5 ജനുവരി 2013 (12:16 IST)
PRO
PRO
ഇടുക്കിയിലെ തമിഴ് വംശജര്‍ക്കെതിരെ ഭിന്നിപ്പ് ഉണ്ടാക്കാന്‍ തമിഴ് തീവ്രവാദി സംഘടനകള്‍ രംഗത്ത്‌. ഈ ആശയം പ്രചരിപ്പിക്കുന്ന സിഡികള്‍ തോട്ടം തൊഴിലാളികള്‍ക്കിടെ വിതരണം ചെയ്യുന്നു. മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തമിഴര്‍ താമസിക്കുന്ന കോളനികള്‍ കേന്ദ്രീകരിച്ചാണ്‌ സിഡി പ്രചാരണം നടക്കുന്നത്‌. തമിഴര്‍കളം എന്ന സംഘടനയാണ്‌ 45 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള സിഡി തയാറാക്കിയിരിക്കുന്നത്‌.

തമിഴ്നാടിന്റെ ഭാഗമായിരുന്ന ഇടുക്കി മലയാളികള്‍ പിടിച്ചടക്കിയതാണ്. കേരളത്തില്‍ തമിഴര്‍ വേര്‍തിരിവ്‌ നേരിടുന്നതായും രാജ്യത്ത്‌ തമിഴര്‍ക്കെതിരേ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്നത്‌ ഇടുക്കിയിലാണെന്നും സിഡിയില്‍ പറയുന്നു. തമിഴ്‌ ജനതയുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കേരളത്തില്‍ പോരാടണമെന്നും തീവ്രവാദ സംഘടനകള്‍ സിഡിയില്‍ ആഹ്വാനം ചെയ്യുന്നു.

ബ്രിട്ടീഷുകാരില്‍ നിന്നു സ്വാതന്ത്ര്യം നേടിയിട്ടും തമിഴര്‍ക്കു സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഡോക്യുമെന്ററിയില്‍ പറയുന്നു. കേരളീയരില്‍ നിന്നു മോചിതരാകാന്‍ വേണ്ടി തമിഴര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന ആഹ്വാനത്തോടെയാണ്‌ ഡോക്യുമെന്ററി അവസാനിക്കുന്നത്‌.