ഇടതുമുന്നണിയോഗം ഇന്നു ചേരും

Webdunia
തിങ്കള്‍, 17 ജനുവരി 2011 (09:10 IST)
ഇടതുമുന്നണിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചരണ പരിപാടികള്‍ക്ക് യോഗം അന്തിമരൂപം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പെട്രോള്‍ വിലവര്‍ദ്ധനയ്ക്കെതിരെ സംസ്ഥാനതലത്തില്‍ നടത്തേണ്ട സമരനടപടികളെക്കുറിച്ച് ഇന്ന് ചേരുന്ന യോഗം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസിന്‍റെയും ബി ജെ പിയുടെയും പ്രചാരണ പരിപാടികള്‍ നടക്കുന്ന സാഹചര്യത്തില്‍ അതിനൊപ്പം പിടിച്ചുനില്‍ക്കാന്‍ വിധമുള്ള പരിപാടികള്‍ക്കായിരിക്കും എല്‍ ഡി എഫ് രൂപം നല്കുക.

കൂടാതെ, ജനിതകവിത്ത് വിവാദത്തെപ്പറ്റിയുള്ള ഇടതുമുന്നണിയുടെ നിലപാടും ഇന്ന് വ്യക്തമാക്കുമെന്നാണ് സൂചന. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള ഭരണതലത്തിലെ നടപടിക്രമങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞപ്രാവശ്യം ചേര്‍ന്ന ഇടതുമുന്നണിയോഗം തീരുമാനിച്ചിരുന്നു.

ഇതിന്‍റെ പുരോഗതിയും യോഗം വിലയിരുത്തും. സര്‍ക്കാര്‍ അടിയന്തരമായി ചെയ്തു തീര്‍ക്കേണ്ട മറ്റ് കാര്യങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.