ഇടതു കക്ഷികള്‍ തങ്ങളുടെ രാഷ്‌ട്രീയ ശത്രുക്കളല്ലെന്ന് എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ കെ മുരളീധരന്‍ പറഞ്ഞു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ഇടതുമുന്നണി പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണെങ്കില്‍ എന്‍ സി പി പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍ സി പി നയിക്കുന്ന നവസന്ദേശ യാത്രയോടനുബന്ധിച്ച് തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.
ഇടതുമുന്നണി തങ്ങളെ പുറത്താക്കിയതാണ്. തങ്ങള്‍ അടച്ച വാതില്‍ മുട്ടി വിളിക്കുകയില്ല. അടച്ചവര്‍ തന്നെയാണ് വാതില്‍ തുറക്കേണ്ടത്. കോണ്‍ഗ്രസുകാര്‍ തങ്ങളെ നിരന്തരം അപമാനിക്കുകയാണ്. അതുകൊണ്ടാണ് അവര്‍ക്ക് പിന്തുണ നല്കാത്തത്.
കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റില്‍ താഴെ നിര്‍ത്തുകയെന്നതാണ് എന്‍ സി പി യുടെ ലക്‌ഷ്യം. കേരളത്തില്‍ ചതുഷ്‌ക്കോണമത്സരം വരുമ്പോള്‍ ബി ജെ പി അക്കൌണ്ട് തുറന്നാല്‍ ഉത്തരവാദി തങ്ങളായിരിക്കില്ലെന്നും മുരളി പറഞ്ഞു.