നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാന്‍ സാധിക്കാത്തത് ഇപ്പൊഴും പൊലീസിന് തലവേദനയാകുന്നു. എന്നാല്‍ ആ ഫോണ്‍ ദിലീപിന്റെ കൈവശമെത്തിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പക്ഷേ ദിലീപ് ഇക്കാര്യം സമ്മതിച്ചിട്ടില്ല. പള്‍സര്‍ സുനി ഫോണും മെമ്മറി കാര്‍ഡും അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്നും പ്രതീഷ് ചാക്കോ അത് ദിലീപിന് നല്‍കി എന്നുമാണ് പൊലീസിന്റെ സംശയം. അങ്ങിനെയെങ്കില്‍ ആ ഫോണ്‍ പിന്നെ എവിടെപ്പോയി ? അത് ആരെങ്കിലും വിദേശത്തേക്ക് കടത്തിയോ? ഇത്തരം സംശയങ്ങളും പൊലീസിനുണ്ട്.
കേസ് കോടതിയില്‍ എത്തുന്ന വേളയില്‍ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നിര്‍ണായകമാണ്. എന്നാല്‍ പൊലീസിന് അത് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടുമില്ല. ഫോണ്‍ പൊലീസ് കണ്ടെടുക്കാതിരിക്കാനായി എന്തെങ്കിലും മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന സംശയവും ഇപ്പോള്‍ പൊലീസിനുണ്ട്. ഈ ഫോണ്‍ വിദേശത്തേക്ക് കടത്തിയതായി പൊലീസ് സംശയിക്കുന്നതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നടിയുടെ ദൃശ്യങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. എന്നാല്‍ ഈ ദൃശ്യങ്ങള്‍ വിദേശത്ത് നിന്ന് അപ് ലോഡ് ചെയ്യാന്‍ ശ്രമം നടത്തിയതായും പൊലീസ് സംശയിക്കുന്നുണ്ട്.
ഇക്കാര്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിദേശത്ത് പോയ ദിലീപിന്റെ സുഹൃത്തുക്കളില്‍ നിന്ന് വിവരം ശേഖരിക്കാനും പൊലീസ് ഉദ്ദേശിക്കുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്‍. ദിലീപിന്റെ സുഹൃത്തുക്കളില്‍ ആരൊക്കെ വിദേശത്ത് പോയി എന്നത് മാത്രമല്ല, എന്തിന് വേണ്ടിയാണ് വിദേശ യാത്ര നടത്തിയത് എന്ന കാര്യവും അന്വേഷിച്ച് വരികയാണ് പൊലീസ്. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാകും എന്ന കാര്യത്തിലും സംശയം ഏറെയാണ്.