ആസിയാനിലെ വഞ്ചന മറച്ചു വെയ്‌ക്കുന്നു: മുഖ്യമന്ത്രി

Webdunia
ബുധന്‍, 28 ഒക്‌ടോബര്‍ 2009 (12:29 IST)
PRO
PRO
ആസിയാന്‍ കരാറില്‍ കേരളത്തോടുള്ള വഞ്ചന പ്രധാനമന്ത്രിയും വാണിജ്യമന്ത്രിയും മറച്ചു വയ്‌ക്കുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആസിയാന്‍ കരാറില്‍ താന്‍ പറയുന്നതാണ് ശരിയെന്നാണ് തന്‍റെ വിശ്വാസം. നെഗറ്റീവ് ലിസ്റ്റ് ഉണ്ടാക്കിയത് വഴി കേരളത്തിന് യാതൊരു പ്രശ്നങ്ങളും ഉണ്ടാകാന്‍ പോകുന്നില്ലെന്നാണ് വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ജനങ്ങളോടുള്ള വഞ്ചന മറച്ചു വെയ്‌ക്കുന്നതിന് പ്രധാനമന്ത്രിയും വാണിജ്യമന്ത്രിയും ശ്രമിച്ചിട്ടുണ്ടെന്ന് താന്‍ വിശ്വസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കെ എം എം എല്ലിന്‍റെ വികസനത്തിന് യു ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് കരാര്‍ നല്‍കിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. കരാറിനെക്കുറിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോക്‌സഭയിലെയും സംസ്ഥാന നിയമസഭയിലെയും പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും ആംഗ്ലോ ഇന്ത്യന്‍ സമുദായക്കാര്‍ക്കുമായുള്ള പ്രാതിനിധ്യം 10 വര്‍ഷത്തേക്ക് കൂടി നീട്ടിക്കൊടുക്കുന്നതിനുള്ള ഭരണഘടനയുടെ 109-ാം ഭേദഗതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ സാധൂകരണം നല്‍കാന്‍ തീരുമാനിച്ചു. ഇതിനാവശ്യമായ പ്രമേയം അടുത്ത നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൂടാതെ, പി പി ഗോപി ഐ എ എസിനെ സോഷ്യല്‍ വെല്‍ഫെയര്‍ ഡയറക്‌ടറാക്കാനും, വി കെ ബാലകൃഷ്ണന്‍ ഐ എ എസിനെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.