പാർട്ടിക്കു മന്ത്രിസ്ഥാനത്തിന് അർഹതയുണ്ടെന്ന് കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. ആളുകള്‍ തീരെയില്ലാത്ത പാർട്ടിക്കുവരെ മന്ത്രിസ്ഥാനം കിട്ടിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ കേരള കോൺഗ്രസ് (ബി)ക്ക് ഇടതുമുന്നണിയിൽ അംഗത്വം നൽകണമെന്നും ബാലകൃഷ്ണപിള്ള മനോരമ ന്യൂസിനോടു പറഞ്ഞു.
ഫോർവേഡ് ബ്ലോക്കിനുപോലും യുഡിഎഫിൽ പ്രവേശനം കിട്ടുന്ന കാലമാണെന്ന് എല്ലാവരും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനായി കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചെയർമാനെന്ന നിലയിൽ തനിക്ക് ശമ്പളവും ഔദ്യോഗിക വസതിയും വേണ്ടെന്നും ആവശ്യത്തിനുമാത്രമായിരിക്കും സ്റ്റാഫിനെ നിയമിക്കുകയെന്നും പിള്ള ഇന്ന് പറഞ്ഞു.