ആറുവയസുകാരന്‍ മദ്യം അകത്തുചെന്ന് ആശുപത്രിയില്‍

Webdunia
ചൊവ്വ, 28 ജനുവരി 2014 (10:21 IST)
PRO
വീടിന് സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച മദ്യം കഴിച്ച് അവശനായ യുകെജി വിദ്യാര്‍ഥി ആശുപത്രിയില്‍. കൈപ്പറമ്പ് പോന്നോര്‍ സ്വദേശിയുടെ മകനെയാണ് മദ്യം അകത്തുചെന്ന് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് കുട്ടിയെ കളിസ്ഥലത്ത് അവശനിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ പറമ്പില്‍ കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി.പറമ്പില്‍ കിടന്നിരുന്ന കുപ്പിയില്‍ അവശേഷിച്ച മദ്യം കുടിക്കുകയായിരുന്നു.

അല്‍പസമയത്തിനകം മയങ്ങി കുട്ടി വീണു. കൂട്ടുകാരന്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലത്തിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

അടുത്തെയിടെ നിരവധി വാര്‍ത്തകളാണ് കുട്ടികള്‍ മദ്യം കുടിച്ച് അപകടം സംഭവിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. വീട്ടിലുള്ള മുതിര്‍ന്നവരെ അനുകരിക്കാന്‍ ശ്രമിക്കുന്നതാണ് പലപ്പോഴും ഇത്തരംസംഭവങ്ങള്‍ക്ക് കാരണമാകുന്നത്.