ആറന്മുളയില്‍ നിന്ന് ഒരു വിമാനവും പറന്നുപൊങ്ങാന്‍ പോകുന്നില്ല: സുഗതകുമാരി

Webdunia
വെള്ളി, 27 ഡിസം‌ബര്‍ 2013 (11:43 IST)
PRO
PRO
നിയമം പാലിക്കേണ്ടവര്‍ തന്നെ അത് ലംഘിക്കുന്ന ഗുരുതരമായ അവസ്ഥയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തക സുഗതകുമാരി. ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി കിട്ടാന്‍ മുഖ്യമന്ത്രിയുടെ അറിവോടെ സര്‍ക്കാര്‍ ഒത്തുകളിച്ചതായി വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍.

ആറന്മുളയില്‍ നിന്ന് ഒരു വിമാനവും പറന്നുപൊങ്ങാന്‍ പോകുന്നില്ലെന്നും സുഗതകുമാരി പറഞ്ഞു.

ആറന്മുള വിമാനത്താവള കമ്പനിയായ കെജിഎസിന്റെ നിയമലംഘനങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കാതെ സംസ്ഥാന സര്‍ക്കാര്‍ മുക്കുകയായിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ആണ് പുറത്തുവന്നിരിക്കുന്നത്. കെജിഎസ് വയലും തണ്ണീര്‍ത്തടവും നികത്തിയ കാര്യം സര്‍ക്കാര്‍ പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് മറച്ചുവയ്ക്കുകയാണ് ചെയ്തത്.

കെജിഎസ് ഗ്രൂപ്പ് നിയമങ്ങള്‍ ലംഘിച്ചതായി പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തയ്യാറാക്കിയ ഫയലില്‍ ഉണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും ഫയല്‍ കണ്ടതോടെ കഥ മാറി. നിയമലംഘനം നടന്നതായുള്ള കാര്യം ഫയലില്‍ നിന്ന് മാറ്റുകയായിരുന്നു. നിലം നികത്തിയത് തങ്ങളല്ല, മുന്‍ഗാമികളാണെന്ന കെ ജി എസിന്റെ വാദം സര്‍ക്കാര്‍ കണ്ണുമടച്ച് അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി ഇതില്‍ ഒപ്പ് വയ്ക്കുകയും ചെയ്തു.