നിലമ്പൂര്‍ രാധ വധക്കേസില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെതിരേ വെളിപ്പെടുത്തല്‍. ഒന്നാം പ്രതി ബിജു നായര്‍ അറസ്റ്റിന് തൊട്ട് മുമ്പ് ഷൗക്കത്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായാണ് വെളിപ്പെടുത്തല്‍. ക്ഷേത്രത്തിനകത്ത് നടത്തിയ കൂടിക്കാഴ്ചയുടെ ഫോട്ടോകളും ക്യാമറയിലെ മെമ്മറി കാര്‍ഡും നേതാക്കള്‍ കൈക്കലാക്കിയതായി നിലമ്പൂരിലെ ചാരുത സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫര്‍ മുകുന്ദന്‍ വാര്‍ത്താമാധ്യമങ്ങളോട് പറഞ്ഞു.
നിലമ്പൂര്‍ രാധാ കൊലക്കേസില്‍ പത്താം തീയതി വൈകുന്നേരമാണ് ഒന്നാംപ്രതി ബിജു നായരെ നിലമ്പൂര്‍ സി ഐ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. അന്നു പകല്‍ നിലമ്പൂര്‍ നഗരത്തിലെ മാരിയമ്മന്‍ കോവിലില്‍ നടന്ന സമൂഹസദ്യയില്‍ ആര്യാടന്‍ ഷൗക്കത്തും ബിജു നായരും ഒരുമിച്ച് പങ്കെടുത്തിരുന്നു. ആര്യാടന്‍ ഷൗക്കത്ത് വരുമെന്ന് ക്ഷേത്രഭാരവാഹികള്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് നിലമ്പൂര്‍ ചാരുത സ്റ്റുഡിയോ ഫോട്ടോഗ്രാഫര്‍ മുകുന്ദന്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയത്. ബിജു നായരാണ് ആദ്യം ക്ഷേത്രത്തിലെത്തിയത്. പിന്നാലെ ആര്യാടന്‍ ഷൗക്കത്തുമെത്തി. അവിടെ വെച്ച് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇതിന്റെനിരവധി ഫോട്ടോഗ്രാഫുകള്‍ മുകുന്ദന്‍ പകര്‍ത്തിയിരുന്നു.
രാത്രി ഒമ്പതുമണിയോടെ ക്ഷേത്ര കമ്മിറ്റിയംഗം കൂടിയായ ഐഎന്‍ടിയുസി നേതാവ് ബാലന്‍ മുകുന്ദനെ ഫോണില്‍ വിളിച്ചു. പിന്നാലെ നേതാക്കളും വിളിച്ചു. നാല് ജിബി മെമ്മറി കാര്‍ഡ് നിറയെ ഫോട്ടോകള്‍ ഉണ്ടായിരുന്നു. അമ്പലക്കെട്ടിടത്തിലാണ് സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ക്ഷേത്രഭാരവാഹികള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഫോട്ടോകള്‍ നല്‍കേണ്ടി വന്നുവെന്ന് മുകുന്ദന്‍ സമ്മതിച്ചു. ഐഎന്‍ടിയുസി നേതാക്കളായ ബാലന്‍ കിഷോര്‍ എന്നിവര്‍ നേരിട്ടെത്തിയാണ് ഫോട്ടോകളും മെമ്മറി കാര്‍ഡും വാങ്ങിയത്.