എറണാകുളം ജില്ലയില്‍ ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യ പാക്കേജ് ജനപ്രതിനിധികളുമായി ആലോചിച്ച് നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങളെയും സംബന്ധിച്ച ആരോഗ്യ അദാലത്ത് സ്ഥിരം സംവിധാനമാക്കി മാറ്റും. എറണാകുളം ജനറല്‍ ആശുപത്തിയില്‍ ജില്ലാതല ആരോഗ്യ അദാലത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് തുടങ്ങാന്‍ നടപടിയായിട്ടുണ്ട്. അഞ്ചുകോടി രൂപയുടെ പദ്ധതിയില്‍ ഈ വര്‍ഷം എന്‍ആര്‍എച്ച്എം 1.5 കോടി രൂപ നല്കും. ഹൈബി ഈഡന്‍ എംഎല്‍എയുടെ ആസ്തി വികസനനിധിയില്‍നിന്നും നീസ് ഇന്റര്‍നാഷണലില്‍നിന്നും ഒരു കോടി രൂപ വീതവും ലഭിക്കും. എറണാകുളം ജനറല്‍ ആശുപത്രിയില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ആശുപത്രികളിലും പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. അതത് ആഴ്ചയില്‍ അവയില്‍ പരിഹാരം കാണും. ഇതിലും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ എല്ലാ മാസവും തിരുവനന്തപുരത്തു ചേരുന്ന ഉന്നതതല മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ പരിഹരിക്കാനുമാണ് തീരുമാനം. നിലവില്‍ ജില്ലകളില്‍ നടന്നു വരുന്ന ആരോഗ്യ അദാലത്തുകള്‍ സമാപിച്ചു കഴിഞ്ഞാല്‍ രണ്ടാം ഘട്ടമായാണ് ഈ സ്ഥിരം സംവിധാനമെന്ന് അദ്ദേഹം പറഞ്ഞു.
പ്രാഥമിക സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ സംബന്ധിച്ച് ഉയിക്കപ്പെ'ട്ടിട്ടുളള പ്രശ്‌നങ്ങള്‍ പലതും നയപരമായ തീരുമാനം എടുക്കേണ്ടതാണ്. ഇവയില്‍ ഉടന്‍ പരിഹാരം കാണാന്‍ ശ്രമിക്കും. തീരദേശത്തുള്‍പ്പെടെയുളള പ്രധാന കേന്ദ്രങ്ങളിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കണമെന്നതില്‍ നിര്‍ദേശം നല്കാന്‍ സര്‍ക്കാര്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദാലത്ത് മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്തു. മന്ത്രി വിഎസ് ശിവകുമാര്‍ അധ്യക്ഷത വഹിച്ചു.