ആഭ്യന്തരവകുപ്പിനെതിരായ വിമര്‍ശനങ്ങള്‍ രാഷ്ട്രീയപ്രേരിതം: തിരുവഞ്ചൂര്‍

Webdunia
വ്യാഴം, 12 സെപ്‌റ്റംബര്‍ 2013 (16:01 IST)
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 20 പ്രതികളെ കോടതി വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രോസിക്യൂട്ടര്‍മാരെയും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെയും താന്‍ ഒരിക്കലും തള്ളിപ്പറയില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

രണ്ട് പ്രോസിക്യൂട്ടര്‍മാരെയാണ് ടി പി വധക്കേസില്‍ സര്‍ക്കാര്‍ നിയോഗിച്ചത്. സാധാരണയായി ഒരു പ്രോസിക്യൂട്ടറെ മാത്രമേ ചുമതലപ്പെടുത്താറുള്ളൂ. ടി പി കേസില്‍ ഹാജരായ രണ്ട് പ്രോസിക്യൂട്ടര്‍മാരും ഏറ്റവും മികച്ച അഭിഭാഷകരാണ് - തിരുവഞ്ചൂര്‍ വ്യക്തമാക്കി.

ആഭ്യന്തരകുപ്പിനെതിരെ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍, കേസില്‍ ഹാജരായ ഒരു പ്രോസിക്യൂട്ടര്‍ ഐ ഗ്രൂപ്പുകാരനാണെന്നായിരുന്നു തിരുവഞ്ചൂരിന്‍റെ മറുപടി.

ഏറ്റവും നല്ല അന്വേഷണ ഉദ്യോഗസ്ഥരാണ് ടി പി വധക്കേസ് അന്വേഷിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന വിന്‍സന്‍ എം പോള്‍, അനൂപ് കുരുവിള ജോണ്‍, ഷൌക്കത്ത് അലി തുടങ്ങിയവരെക്കുറിച്ച് ആര്‍ക്കും എതിരഭിപ്രായമില്ല. ജീവന്‍ പോലും പണയം വച്ച് അവര്‍ നടത്തിയ അന്വേഷണത്തേക്കുറിച്ച് ഏതെങ്കിലും രാഷ്ട്രീയ ഉദ്ദേശ്യം വച്ച് വിമര്‍ശിക്കുന്നത് ശരിയാണോ? സോഷ്യല്‍ മീഡിയകളില്‍ ഏറ്റവും വലിയ അഭിനന്ദനങ്ങള്‍ ലഭിച്ച അന്വേഷണമായിരുന്നു ഇത് - ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി.

ടി പി വധക്കേസില്‍ മതിയായ തെളിവുകള്‍ ഉണ്ടോ ഇല്ലയോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. പുറത്തുനിന്ന് വിമര്‍ശിക്കുന്നവര്‍ക്ക് തെളിവുകള്‍ ഉണ്ടോ ഇല്ലയോ എന്ന് പറയാനാവില്ല - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.