ആഭ്യന്തരമന്ത്രി രാജി വെയ്‌ക്കണം: ഹസ്സന്‍

Webdunia
വെള്ളി, 22 ജനുവരി 2010 (15:58 IST)
PRO
പോള്‍ വധക്കേസ് അന്വേഷണം ഹൈക്കോടതി സി ബി ഐക്ക് വിട്ട പശ്‌ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ രാജിവെയ്‌ക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സന്‍. തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതി വിധി സ്വാഗതം ചെയ്തു മുഖം രക്ഷിക്കാനാണു ആഭ്യന്തരമന്ത്രിയുടെ ശ്രമം. ഇപ്പോള്‍ സംസ്ഥാനത്തു നീതി നടപ്പാക്കുന്നത് കോടതിയാണ്. പോള്‍ വധക്കേസിലും നീതി നടപ്പാക്കിയത് കോടതിയാണ്. കോടതിയുടെ കനിവു കൊണ്ട് മാത്രമാണ് സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിക്കാതിരിക്കുന്നത്.

സംസ്ഥാനത്ത് സിവില്‍ ഭരണം പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. സിവില്‍ ഭരണം ഇത്തരത്തില്‍ പരാജയപ്പെടുന്നത് ജനാധിപത്യത്തിന് അപമാനകരമാണ്. സംസ്ഥാന ആഭ്യന്തര-റവന്യൂ വകുപ്പുകള്‍ക്കെതിരെ കോടതി നടത്തിയ നിരീക്ഷണങ്ങള്‍ സര്‍ക്കാരിനെ തുറന്നു കാട്ടുന്നവയാണ്. സിവില്‍ ഭരണം പരാജയപ്പെട്ടിടത്ത് ജുഡീഷ്യറി ആ ദൗത്യം ഏറ്റെടുക്കുന്നതായ തോന്നലാണ്‌ സംസ്ഥാനത്തെ ജനങ്ങള്‍ക്ക്‌ ഉളളതെന്നും അദ്ദേഹം പറഞ്ഞു.