ആകാശപ്പറക്കലിനിടെ താഴെ വീണ് കളക്ടര്‍ക്ക് പരുക്ക്

Webdunia
ശനി, 3 മെയ് 2014 (10:50 IST)
ആകാശപ്പറക്കലിനിടെ 24 അടി ഉയരത്തില്‍നിന്ന് താഴെവീണ് കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി ബാലകിരണിന് പരുക്ക്. പയ്യാമ്പലം സാഹസിക അക്കാദമിയുടെ അഡ്വഞ്ചര്‍ കാര്‍ണിവല്‍ ഉദ്ഘാടനത്തിനിടെ പാരാ റോട്ടറില്‍നിന്ന് കളക്ടര്‍ താഴേക്ക് വീഴുകയായിരുന്നു. കളക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു.
 
വെള്ളിയാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. ഗ്ലൈഡര്‍ പറന്നുയര്‍ന്ന് നൂറുമൂറ്റര്‍ ദൂരെ എത്തിയപ്പോള്‍ കടലിന്റെ ഭാഗത്തേക്ക് തിരിഞ്ഞതും മോട്ടോറിന്റെ പ്രവര്‍ത്തനം നിലച്ചു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് ഗ്ലൈഡര്‍ വീണു. കളക്ടര്‍ മുഖമടിച്ചാണ് പൂഴിയില്‍ വീണത്. അതിനുമുകളിലായി ഗ്ലൈഡര്‍ നിയന്ത്രിച്ചയാളും മോട്ടോറും വീണു. കളക്ടറുടെ ഹെല്‍മറ്റ് വീഴ്ചക്കിടെ ദൂരേക്ക് തെറിച്ചുപോയി. 
 
പൂഴിയില്‍ മുഖമമര്‍ന്ന് കുറച്ചു സമയം ബാലകിരണ്‍ അനങ്ങാനാവാതെ കിടന്നു. മോട്ടോര്‍ എടുത്തുമാറ്റി അരയിലും മാറിലും കുടുക്കിയ ബെല്‍റ്റ് അഴിച്ചുമാറ്റിയ ശേഷമാണ് എഴുന്നേല്‍പിക്കാനായത്.
 
മോട്ടോറിലേക്ക് ഇന്ധനമെത്തുന്ന പൈപ്പ് ഊരിപ്പോയതാണ് പ്രവര്‍ത്തനം നിലക്കാന്‍ കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം. കളക്ടറുടെ അരയില്‍ കുടുക്കിയ ബെല്‍റ്റിന്റെ ഒരു ഭാഗം ഈ പൈപ്പില്‍ കുടുങ്ങിയതാണ് ഊരിപ്പോകാന്‍ കാരണമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, യാത്രക്കൊരുങ്ങുംമുമ്പ് സുരക്ഷ പരിശോധിക്കുന്നതിലുണ്ടായ വീഴ്ചയാണ് അപകടത്തിനിടയാക്കിയത്. തുടര്‍ന്ന് സാഹസിക പ്രകടനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധര്‍മ്മടം തുരുത്ത് എന്നിവിടങ്ങളിലായി അഞ്ചുദിവസമായാണ് അഡ്വഞ്ചര്‍ കാര്‍ണിവല്‍ നിശ്ചയിച്ചിരുന്നത്.