പ്രമുഖ ചലച്ചിത്ര നടന്‍ ജിഷ്ണുവിന്റെ വിയോഗം മലയാള ചലച്ചിത്രലോകത്തെ കണ്ണീരിലായ്ത്തിരിക്കുകയണ്. അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നുവെങ്കിലും രോഗത്തെ ചിരിച്ച മുഖവുമായി നേരിട്ട ജിഷ്ണു തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു സഹപ്രവര്‍ത്തകരും ആരാധകരും. രോഗത്തെ നേരിടാന്‍ ജിഷ്ണു കാണിച്ച മനസാന്നിധ്യം മറ്റുള്ളവര്‍ക്ക് ഒരു മാതൃക തന്നെയായിരുന്നു.
ജിഷ്ണുവിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം രംഗത്തെത്തി. നാലുമാസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ വച്ച് കാണുമ്പോള്‍ രോഗം കാരണം ജിഷ്ണുവിന് ശബ്ദം പോലും ഉണ്ടായിരുന്നില്ലെന്നും എന്നിട്ടും അതൊന്നും വകവക്കാതെ തന്നോട് സംസാരിച്ചുകൊണ്ടിരുന്നുവെന്നും നടനും എം പിയുമായ ഇന്നസെന്റ് പറഞ്ഞു. ‘ ജീവിക്കാനാകുമെന്ന പ്രതീക്ഷ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതേ അസുഖമുള്ള ഒരു രോഗിയും ഇത്രത്തോളം ആത്മവിശ്വാസം കാണിക്കുന്നത് കണ്ടിട്ടില്ല’- ഇന്നസെന്റ് പ്രതികരിച്ചു.
‘വിളിക്കുമ്പോഴെല്ലാം ഭേദമായിക്കൊണ്ടിരിക്കുന്ന എന്ന സൂചനകളാണ് നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെ ഇത്തരമൊരു വാര്‍ത്ത കേട്ടപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ജിഷ്ണുവിന്റെ വീട്ടുകാരെ വിളിക്കാന്‍ പോലും സാധിക്കാത്ത മാനസികാവസ്ഥയിലാണ്’-ഭാവന പറഞ്ഞു.
സിനിമലോകത്ത് എല്ലാവരോടും വളരെ മാന്യമായി പെരുമാറിയുന്ന ഒരു വ്യക്തിയായിരുന്നു ജിഷ്ണുവെന്നും, നല്ല അവസരങ്ങള്‍ ലഭിക്കുകയായിരുന്നെങ്കില്‍ മികച്ച അഭിനയം കാഴ്ച വെക്കാന്‍ കഴിയുന്ന ഒരാളായിരുന്നു ജിഷ്ണുവെന്നും നടന്‍ ജഗതീഷ് പറഞ്ഞു. ‘രോഗബാധിതനായിരുന്നപ്പോള്‍ പോലും ഇന്നസെന്റിന് അര്‍ബുദം ബാധിച്ചപ്പോള്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ധൈര്യം പകര്‍ന്ന വ്യക്തിയാരുന്നു ജിഷ്ണു‘- ജഗദീഷ് പറഞ്ഞു.
‘സംസാരിക്കാന്‍ സാധിക്കാതിരുന്നപ്പോള്‍ കടലാസില്‍ എഴുതി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു ജിഷ്ണു. താന്‍ അസുഖബാധിതനാണെന്ന് സമ്മതിക്കാന്‍ ഒരുക്കമല്ലായിരുന്നു. ജീവിതത്തോടുള്ള ജിഷ്ണുവിന്റെ പോസിറ്റീവ് അപ്രോച്ച് എപ്പോഴും എടുത്തുപറയേണ്ട ഒന്നാണ്. എന്തായാലും മനക്കരുത്തോടെ ജീവിതത്തെ നേരിട്ട ആ യുവാവ് ഒരു മാതൃകയാണ്‘- സംവിധായകന്‍ കമല്‍ പറഞ്ഞു.