അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് അഭിഭാഷകര്‍ ഫീസ് വാങ്ങിച്ചില്ല: വി എസ്

Webdunia
ബുധന്‍, 27 ജൂണ്‍ 2012 (15:01 IST)
PRO
PRO
കേസ്‌ നടത്തിപ്പിനായി വി എസ്‌ ചെലവഴിച്ച പണത്തിന്റെ കണക്കുകള്‍ പാര്‍ട്ടിയില്‍ കാണിച്ചിട്ടില്ലെന്ന സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആരോപണത്തിന് വി എസിന്റെ മറുപടി. സുപ്രീംകോടതിയില്‍ കേസുകള്‍ നടത്തുന്നതിന്‌ അഭിഭാഷകര്‍ തന്റെ കൈയില്‍ നിന്ന്‌ ഫീസ്‌ വാങ്ങിയിട്ടില്ലെന്ന്‌ വി എസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ഗോപാല്‍ സുബ്രഹ്മണ്യം, ശാന്തിഭൂഷണ്‍ എന്നിവരെയൊക്കെ വെച്ചു കേസ്‌ നടത്തിയതിനാലാണ്‌ ഇത്തരം ആരോപണങ്ങള്‍ ഉയരുന്നതെന്ന് വി എസ് പറഞ്ഞു. അണ്ണാ ഹസാരെയ്ക്ക്‌ മുന്‍പേ അഴിമതിക്കെതിരായ പോരാട്ടം കേരളത്തില്‍ താന്‍ നടത്തിക്കൊണ്ടിരിക്കുന്നുവെന്ന്‌ അറിയാവുന്നതുകൊണ്ടാണ്‌ ഇവര്‍ ഫീസ്‌ വാങ്ങാതെ വാദിച്ചതെന്നും വി എസ്‌ കൂട്ടിച്ചേര്‍ത്തു.

പി കെ കുഞ്ഞാലിക്കുട്ടിയുടെ 'ഓട്‌ പൊളിക്കല്‍' പ്രയോഗം കെ എസ്‌ യു വിനെ ഉദ്ദേശിച്ചാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിക്കെതിരെ കെ എസ്‌ യു നേതാക്കള്‍ നടത്തുന്ന വിമര്‍ശനത്തിനുള്ള മറുപടിയാണ്‌ തന്നോടെന്ന വ്യാജേന കുഞ്ഞാലിക്കുട്ടി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.