സംസ്ഥാനത്തെ അഴിമതികള്‍ക്ക് എതിരായ കേസ് നടത്തിപ്പിന് ചെലവായ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സി പി എം നേതൃത്വത്തിന് കത്തയച്ചു. ഐസ്ക്രീം പാര്‍ലര്‍ കേസ്, പാമോയില്‍ കേസ്, ഇടമലയാര്‍ എന്നീ അഴിമതിക്കേസുകളുടെ നടത്തിപ്പിനായി 10 ലക്ഷം രൂപ ചെലവായി. ഈ തുക പാര്‍ട്ടി നല്‍കണമെന്നാണ് വി എസിന്റെ ആവശ്യം.
വി എസിന്റെ ആവശ്യപ്രകാരം നേരത്തെ പാര്‍ട്ടി പത്തു ലക്ഷം രൂപ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പത്തു ലക്ഷം ആവശ്യപ്പെട്ട് വി എസ് പാര്‍ട്ടിയെ സമീപിച്ചത്. അഴിമതികള്‍ക്കെതിരായ കേസ് നടത്തിപ്പിന് വി എസ് ചിലവഴിച്ച പണത്തിന്റെ കണക്ക് ബോധ്യപ്പെടുത്തിയിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മേഖല റിപ്പോര്‍ട്ടിംഗില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വി എസിന്റെ പുതിയ നീക്കം.
പണം ചെലവായതിന്റെ രേഖകള്‍ കൈവശമുണ്ടെന്നും അതെല്ലാം പാര്‍ട്ടിയെ ബോദ്ധ്യപ്പെടുത്തുമെന്നും വി എസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയില്‍ അഭിഭാഷകര്‍ തനിക്ക് വേണ്ടി സൌജന്യമായാണ് ഹാജരായതെന്നും വി എസ് വ്യക്തമാക്കിയിരുന്നു.