അരുവിത്തുറ സെന്റ് ജോര്‍ജ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച വെടിക്കെട്ടിനിടെ അപകടം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരാള്‍ മരിച്ചു. തീക്കോയി തെങ്ങനാംശേരിയില്‍ അമല്‍ കുര്യന്‍ ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. 17 വയസ്സ് ആയിരുന്നു.
വെടിക്കെട്ട് അപകടത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. വെടിക്കെട്ടിനിടെ കതിന ദിശമാറി ആള്‍ക്കൂട്ടത്തിലേക്ക് വീണതാണ് അപകടകാരണം. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ആയിരുന്നു സംഭവം.