അരുണ്‍ അനുമതിയില്ലാ‍തെ വിദേശയാത്രകള്‍ നടത്തി: കുഞ്ഞാലിക്കുട്ടി

Webdunia
ബുധന്‍, 23 ഫെബ്രുവരി 2011 (17:51 IST)
PRO
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാര്‍ അനുമതിയില്ലാതെ വിദേശയാത്രകള്‍ നടത്തിയെന്ന് മുസ്ലീംലീഗ് സംസ്ഥാനസെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. അരുണ്‍കുമാര്‍ എവിടെയൊക്കെയാണ് പോയതെന്ന് അന്വേഷിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

ഇന്ന് ചേര്‍ന്ന ലീഗ് പ്രവര്‍ത്തകസമിതി യോഗത്തില്‍ തെരഞ്ഞെടുപ്പ് സംബന്ധമായ വിഷയങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്. പത്രവാര്‍ത്ത വെച്ച് കേസെടുക്കുന്നവര്‍ ഇപ്പോള്‍ മിണ്ടാതിരിക്കുകയാണ്. ഈ അജന്‍ഡ വെച്ച് തെരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പരാജയപ്പെടുത്താമെന്ന് കരുതേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ കേസ് എടുക്കേണ്ട വിഷയങ്ങള്‍ വന്നാല്‍ കേസ് എടുക്കും. എന്നാല്‍, കള്ളക്കേസ് എടുക്കില്ല. ഒരു പന്തിയില്‍ രണ്ടു വിളമ്പുകള്‍ പാടില്ലെന്നാണ് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അതാണ് സംസ്ഥാനത്ത് നടക്കുന്നത്.

ലോട്ടറിമാഫിയക്കെതിരെ രംഗത്തുവന്ന വി എസ് അച്യുതാനന്ദന്റെ മകന്‍ ഭാര്യയുടെ പേരില്‍ പ്ലേവിന്‍ ലോട്ടറിയില്‍ പാര്‍ട്ണറാണ്. ലോട്ടറി കേസിനൊപ്പം ഈ ആരോപണങ്ങളും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.