അരവിന്ദന് മാള യാത്രാമൊഴി നല്കി

Webdunia
വ്യാഴം, 29 ജനുവരി 2015 (08:41 IST)
പ്രിയനടന്‍ മാള അരവിന്ദന് മലയാളം യാത്രാമൊഴി നല്കി. തൃശൂരിലെ മാളയിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. രാഷ്‌ട്രീയ - ചലച്ചിത്ര - സാമൂഹ്യ രംഗത്തു നിന്നും നിരവധി പേര്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വീട്ടുവളപ്പിന്റെ തെക്കുഭാഗത്ത് ഒരുക്കിയ ചിതയ്ക്ക് മാളയുടെ മകന്‍ കിഷോര്‍ തീ കൊളുത്തി.
 
സംസ്ഥാനസര്‍ക്കാരിന്റെ ഔദ്യോഗികബഹുമതി നല്കിയതിനു ശേഷമായിരുന്നു സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എ പി അനില്‍ കുമാര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. നടന്‍ മമ്മൂട്ടി, ജയറാം, അമ്മ പ്രസിഡന്റ് ഇന്നസെന്റ്,  ടി എന്‍ പ്രതാപന്‍ ,പി രാജീവ് എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
 
ഇടവേള ബാബു, സംവിധായകന്‍ ലാല്‍ ,ക്യാപ്റ്റന്‍ രാജു എന്നിവരും മാള അരവിന്ദന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഇന്നലെ ഉച്ചയോടു കൂടിയാണ് മാള അരവിന്ദന്റെ മൃതദേഹം മാളയിലെ വീട്ടിലെത്തിച്ചത്. തൃശൂരിലെ സംഗീതനാടക അക്കാദമിയിലും മാള പഠിച്ച സെന്റ് ആന്റണീസ് സ്കൂളിലും പൊതുദര്‍ശനത്തിനു വെച്ചതിനു ശേഷമാണ് വീട്ടിലെത്തിച്ചത്.
 
(ചിത്രത്തിനു കടപ്പാട്: കൈരളി ടി വി)