അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി: ഇന്ത്യയുടെ ചൊവ്വാ ദൗത്യം അനിശ്ചിതത്വത്തിലായേക്കും

ശനി, 5 ഒക്‌ടോബര്‍ 2013 (18:45 IST)
PRO
PRO
അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണരംഗത്തെയും ബാധിക്കും. ഈ മാസം അവസാനത്തോടെ വിക്ഷേപിക്കാന്‍ ഇരുന്ന ഇന്ത്യയുടെ ചൊവ്വാ ദൗത്യം നാസയുടെ താല്‍ക്കാലിക അടച്ചു പൂട്ടലിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായി. വിക്ഷേപണം മാറ്റി വെക്കുകയാണെങ്കില്‍ രണ്ട് വര്‍ഷത്തേക്ക് ചൊവ്വാ ദൗത്യം യാഥാര്‍ത്ഥ്യമാകില്ലെന്നാണ് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

450 കോടി ചെലവ് വരുന്ന ഐഎസ്ആര്‍ഒ ചൊവ്വാദൗത്യത്തിന്റെ വിക്ഷേപണം ഒക്ടോബര്‍ 28നാണ് നിശ്ചയിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ 97 ശതമാനം(ഏകദേശം 18,000) ജീവനക്കാരോടും നിര്‍ബന്ധിത ശമ്പളമില്ലാ അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നാസയില്‍ നിന്ന് സാമ്പത്തികമായും സാങ്കേതികവുമായ സഹായം ലഭിക്കാത്തതാണ് ഇന്ത്യന്‍ ചൊവ്വാ ദൗത്യത്തേയും ദോഷകരമായി ബാധിക്കുക.

നാസയില്‍ നിന്നും ഐഎസ്ആര്‍ഒ ചൊവ്വാ ദൗത്യത്തിന് എഴുപത് കോടിയുടെ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മുന്‍ നിശ്ചയിച്ച ഒക്ടോബര്‍ 28നും നവംബര്‍ 19നും ഇടക്ക് വിക്ഷേപണം നടന്നില്ലെങ്കില്‍ ഇന്ത്യക്ക് ചൊവ്വാദൗത്യത്തിനായി കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും.

വെബ്ദുനിയ വായിക്കുക