അമൃതാനന്ദമയി മഠത്തെ ന്യായീകരിച്ച് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും രംഗത്ത്. മഠത്തിനെതിരായ അപവാദപ്രചരണങ്ങള്‍ അവിശ്വസനീയമാണെന്നും അമ്മയെ അറിയുന്നവര്‍ അത് അവജ്ഞയോടെ തള്ളിക്കളയുമെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. കൊച്ചി അമൃത ആശുപത്രിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമൃതാനന്ദമയി മഠത്തെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അഭിപ്രായപ്പെട്ടിരുന്നു. മഠം നിലപാട് വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആശ്രമത്തില്‍ വഴിവിട്ട് ഒന്നും നടന്നിട്ടില്ലെന്നാണ് കരുതുന്നതെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അഭിപ്രായപ്പെട്ടു. അമൃതാനന്ദമയിയും മഠവും നല്‍കുന്ന സംഭാവനകള്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുന്‍ ശിഷ്യയുടെ "ഹോളി ഹെല്‍: എ മെമ്മയിര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നെസ്" എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലില്‍ അമൃതാനന്ദമയി മഠത്തിനെതിരേ കേസെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. മുന്‍ ശിഷ്യയുടെ പുസ്തകത്തിലെ ഉള്ളടക്കത്തിനനുസരിച്ച് കേസെടുക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അറിയിച്ചത്.