അമൃതയുടെ തല്ല് വാങ്ങിയ യുവാക്കളുടെ പണിയും പോയി!

Webdunia
ശനി, 16 ഫെബ്രുവരി 2013 (19:28 IST)
PRO
PRO
അമൃതയുടെ തല്ല് വാങ്ങിയ യുവാക്കളുടെ പണിയും പോയി. അമൃതയെ അസഭ്യം പറഞ്ഞ സര്‍ക്കാര്‍ ജീവനക്കാരെ സര്‍വീസില്‍നിന്നും പിരിച്ചു വിട്ടു. ഐടി @ സ്‌കൂള്‍ വിഭാഗത്തിലെ കരാര്‍ ജീവനക്കാരായ മനോജ്, അനൂപ് എന്നിവരെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഐടി @ സ്‌കൂള്‍ വിഭാഗം ഡയറക്ടറുടെ താത്ക്കാലിക ഡ്രൈവര്‍മാരാണ് ഇരുവരും.

വ്യാഴാഴ്ചയാണ് സംഭവം. വണ്‍ ബില്യണ്‍ റൈസിംഗില്‍ പങ്കെടുത്ത് മടങ്ങവെ തിരുവനന്തപുരം ബേക്കറി ജംഗ്‌ഷനിലെത്തിയപ്പോഴാണ് സര്‍ക്കാര്‍ വാഹനത്തിലെത്തിയ നാലംഗ സംഘം പെണ്‍കുട്ടിയെയും കുടുംബത്തെയും അസഭ്യം പറഞ്ഞത്. ഇതില്‍ ക്ഷുഭിതയായ പെണ്‍കുട്ടി നാലംഗ സംഘത്തെ ആക്രമിച്ചു.

തുടര്‍ന്ന് പരാതി നല്‍കുകയും പോലീസ് എത്തി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ മനോജിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ ആക്രമണത്തില്‍ പരുക്കേറ്റ മനോജ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവരെ പിടികൂടാനായിട്ടില്ല. കോളേജ് വിദ്യാര്‍ത്ഥിനിയായ അമൃതയെ അപമാനിച്ചത് കേരളത്തില്‍ ആകെ ചര്‍ച്ചാ വിഷയമായതോടെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.