അമിത് ഷാ വന്നതോടെയാണ് കേരളത്തില്‍ അക്രമങ്ങള്‍ വര്‍ധിച്ചത്; എന്തിനാണ് അദ്ദേഹം വന്നതെന്ന് വ്യക്തമാക്കണം: മുഖ്യമന്ത്രി

ബുധന്‍, 14 ജൂണ്‍ 2017 (07:42 IST)
ബിജെപിയുടെ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ വന്നതോടെയാണ് ഇവിടെ അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറിന്റേയും ബിജെപിയുടേയും നയങ്ങളെ എതിര്‍ക്കണം. ഇടതുപക്ഷം മാത്രമല്ല, ജനാധിപത്യശക്തികളെ ഒന്നിച്ചു കൂട്ടിയാണ് അവര്‍ക്കെതിരെ പോരാടേണ്ടത്. എന്നാല്‍ ഇതിനെ രാഷ്ട്രീയസഖ്യമായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജൂണ്‍ നാലിനാണ് മടങ്ങിപ്പോയത്. അവസരത്തിനൊത്ത് കേരളത്തിലെ ബിജെപി നേതൃത്വം ഉയര്‍ന്നില്ലെങ്കില്‍ സംസ്ഥാന ഘടകത്തെ തഴയുമെന്ന മുന്നറിയിപ്പ് നേതാക്കള്‍ക്ക് അമിത് ഷാ നല്‍കിയിരുന്നു. മടങ്ങിപ്പോകുന്നതിനു മുമ്പ് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് കര്‍ശന താക്കീതും ഷാ നല്‍കിയിരുന്നു.
 
ഇനി കേരളത്തില്‍ വരുന്നത് തന്റെ ജന്മദിനത്തിന്റെ അന്നായിരിക്കുമെന്നും അപ്പോഴെങ്കിലും തന്നെക്കൊണ്ട് ഇത്തരത്തില്‍ ചീത്ത പറയിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പും നല്‍കിയിരുന്നു. ഇനി ഒക്ടോബറിലാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. തുടര്‍ന്ന് മൂന്നുമാസം കൂടുമ്പോഴെല്ലാം സന്ദര്‍ശനമുണ്ടാകുമെന്നും അദ്ദേഹം നേതാക്കളോട് വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക