അഭയ കേസ്: ഫാദര്‍ തോമസ് കോട്ടൂരിന് പാസ്പോര്‍ട്ട് വിട്ടുനല്‍കാന്‍ കോടതി ഉത്തരവ്

Webdunia
ശനി, 26 ഒക്‌ടോബര്‍ 2013 (20:34 IST)
PRO
PRO
സിസ്റ്റര്‍ അഭയ കേസിലെ ഒന്നാംപ്രതി ഫാദര്‍ തോമസ് കോട്ടൂരിന് പാസ്പോര്‍ട്ട് വിട്ടുനല്‍കാന്‍ സിബിഐ പ്രത്യേക കോടതി ഉത്തരവ്. ഒരുലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടിയില്‍ പാസ്പോര്‍ട്ട് കൈമാറാനാണ് ജഡ്ജി ആര്‍ രഘു ഉത്തരവിട്ടത്. പാസ്പോര്‍ട്ട് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് തോമസ് കോട്ടൂര്‍ ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ കോടതി ഉത്തരവ് പ്രകാരമാണ് തോമസ് കോട്ടൂര്‍ പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെച്ചത്.

കേസ് അനന്തമായി നീളുന്ന സാഹചര്യത്തില്‍ യാത്ര ചെയ്യാനുളള മൗലികവകാശം ഹനിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പാസ്പോര്‍ട്ട് വിട്ടുനല്‍കാന്‍ അപേക്ഷ സമര്‍പ്പിച്ചത്. കേസിന്റെ വിചാരണ കേരളത്തില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃകൈയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പിക്കുന്നത് വരെ സിബിഐ കോടതിയിലെ വിചാരണനടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുമുണ്ട്.