അഭയാ കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Webdunia
വ്യാഴം, 19 ഡിസം‌ബര്‍ 2013 (14:59 IST)
PRO
PRO
സിസ്റ്റര്‍ അഭയാ കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണം എന്നാണ് കോടതി സിബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാഥമിക തെളിവുകള്‍ ഉള്‍പ്പെടെയുള്ളവ ഹാജരാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

അന്വേഷണം പൂര്‍ത്തിയാകും വരെ കേസിലെ വിചാരണ നിര്‍ത്തിവയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിചാരണ നടക്കുന്നത്.

അന്വേഷണ ആവശ്യത്തിനായി കുറ്റപത്രം മടക്കിവാങ്ങണമെന്ന് കോടതി പറഞ്ഞു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് പൊളിച്ചു പണിയേണ്ടതില്ല. പുതിയ വിവരങ്ങള്‍ അനുബന്ധ റിപ്പോര്‍ട്ട് ആയി നല്‍കിയാല്‍ മതി.

മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ കെ ടി മൈക്കിള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. പ്രാഥമിക തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു എന്നായിരുന്നു മൈക്കിളിന്റെ വാദം. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ശേഷം ശിരോവസ്ത്രം ഉള്‍പ്പെടെയുള്ള പ്രാഥമിക തെളിവുകള്‍ നഷ്ടപ്പെട്ടതായും ഇവയൊന്നും വേണ്ടത്ര പരിശോധിച്ചില്ല എന്നുമാണ് മൈക്കിള്‍ നല്‍കിയ ഹര്‍ജിയിലുള്ളത്. മുന്‍ ക്രൈംബ്രാഞ്ച് എസ് പിയാണ് കെ ടി മൈക്കിള്‍.