'അബ്ദുള്ളക്കുട്ടിയുടെ മോളും സഹോദരിയുമല്ലാത്ത ജസീറ'യുടെ മറുപടി

Webdunia
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2013 (11:43 IST)
PRO
PRO
എപി അബ്ദുള്ളക്കുട്ടിക്ക് ജസീറയുടെ മറുപടി. പുതിയങ്ങാടിയില്‍ അനധികൃതമായി മണല്‍ കടത്തുന്നവര്‍ക്കെതിരെ ജസീറ നടത്തുന്ന സമരത്തെ കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എപി അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരുന്നു. ഈ കത്തിനുള്ള ജസീറയുടെ മറുപടിയും ഈയാഴ്ചയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലുണ്ട്. ‘അബ്ദുള്ളക്കുട്ടിയുടെ മോളും സഹോദരിയുമല്ലാത്ത ജസീറ‘ എന്ന പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്.

താങ്കളുടെ സ്നേഹപൂര്‍വമായ ഉപദേശം ഇങ്ങനെയാണ്, “ മോളേ ജസീറാ, കടപ്പുറത്ത് പൂഴി ഇറക്കരുത്. മക്കളേയും കൂട്ടി നാട്ടിലേക്ക് മടങ്ങുക”. 31 വയസ്സ് തികഞ്ഞ തന്നെ മോളേ എന്ന് വിളിക്കുന്ന അബ്ദുല്ലക്കുട്ടിയുടെ വാത്സല്യം മനസ്സിലാക്കുന്നു. ജനകീയ പ്രശ്നങ്ങളില്‍ സ്ത്രീകള്‍ ഇടപ്പെടുമ്പോഴുള്ള പുരുഷാധിപത്യ ബോധത്തില്‍ നിന്നാണ് ഈ മോള്‍ വിളി വരുന്നത്. അബ്ദുല്ലക്കുട്ടിയുടെ മോളും സഹോദരിയുമാകാതെ തന്നെ ജസീറയ്ക്ക് സ്വന്തമായി ഒരു വിലാസമുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

നേരത്തെ പ്രസിദ്ധീകരിച്ച അബ്ദുല്ലക്കുട്ടിയുടെ കത്ത് വിവാദത്തിലായിരുന്നു. മോളേ ജസീറാ, കടപ്പുറത്ത് പൂഴിയിറക്കരുത് എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച കത്തില്‍ ടി എന്‍ പ്രതാപന്‍ എം എല്‍ എയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ടി എന്‍ പ്രതാപന്‍ കപട പരിസ്ഥിതിവാദിയാണ്. പ്രതാപന്റെ വീട്ടില്‍ ഒരു തുളസിത്തറ പോലും ഇല്ല. പക്ഷികളെ ഇരുമ്പ് കൂട്ടില്‍ തടവിലിട്ടിരിക്കുകയാണ് പ്രതാപന്‍. ഇതെല്ലാം കണ്ടാല്‍ മുന്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധി പ്രതാപനെ വെടിവെച്ച് കൊല്ലുമെന്നും കത്തില്‍ അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.