അത് പള്‍സര്‍ സുനിയുടെ അതിബുദ്ധി, അയാളെ ഞാന്‍ ജീവിതത്തിലിതുവരെ കണ്ടിട്ടില്ല: ദിലീപ്

Webdunia
ശനി, 24 ജൂണ്‍ 2017 (21:21 IST)
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ താന്‍ ജീവിതത്തിലിതുവരെ കണ്ടിട്ടില്ലെന്ന് നടന്‍ ദിലീപ്. തന്‍റെ ഇമേജ് തകര്‍ക്കാനും ഒതുക്കാനും ല‌ക്‍ഷ്യമിട്ട് ആരാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അറിയേണ്ടത് തന്‍റെ ആവശ്യമാണെന്നും ദിലീപ് പ്രതികരിച്ചു.
 
ചാനല്‍ ചര്‍ച്ചകളില്‍ സംസാരിക്കവെയാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ‘സൌണ്ട തോമ മുതല്‍ ജോര്‍ജ്ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടില്ല’ എന്ന പള്‍സര്‍ സുനിയുടെ കത്തിലെ പരാമര്‍ശം അയാള്‍ അതിബുദ്ധിമാനായതുകൊണ്ട് എഴുതിയതായിരിക്കാമെന്നും ദിലീപ് വ്യക്തമാക്കി. 
 
വന്നിട്ടുള്ള ബാര്‍ഗൈനിംഗ് കോളുകളുടെയും ഭീഷണിയുടെയും ബ്ലാക്ക് മെയിലിംഗിന്‍റെയുമെല്ലാം വിശദാംശങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. കേസ് തേഞ്ഞുമാഞ്ഞുപോകുമെന്ന് തോന്നിയപ്പോഴാണ് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ആവശ്യപ്പെട്ടത്. പൊലീസ് അന്വേഷണത്തോട് സഹകരിക്കും. ഏപ്രില്‍ 20ന് പരാതി നല്‍കിയ ശേഷം കേസിന്‍റെ പോക്കിനെ കൃത്യമായി നിരീക്ഷിച്ചിരുന്നു. അമേരിക്കന്‍ ട്രിപ്പിന് ശേഷം തിരിച്ചെത്തിയ ഞാന്‍ ബെഹ്‌റ സാറിനോട് കേസിന്‍റെ കാര്യത്തേക്കുറിച്ച് സംസാരിച്ചിരുന്നു - ദിലീപ് പറഞ്ഞു. 
 
എനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ സത്യാവസ്ഥ അറിയേണ്ടതുണ്ട്. ആരാണ് എന്‍റെ സിനിമകള്‍ റിലീസാകുമ്പോള്‍ അത് തകര്‍ക്കാനായുള്ള ശ്രമങ്ങള്‍ നടത്തുന്നത്? ആരാണ് എന്‍റെ ഇമേജ് തകര്‍ക്കാനും എന്നെ ഒതുക്കാനും ശ്രമിക്കുന്നത്? ഇതെല്ലാം അറിയേണ്ടതുണ്ട് - ദിലീപ് വ്യക്തമാക്കി.
Next Article