കേരള ബജറ്റ് 2017: തീരദേശ ഹൈവേയ്ക്കായി 6500 കോടി രൂപയും മലയോര ഹൈവെയ്ക്ക് 3500 കോടി രൂപ രൂപയും വകയിരുത്തി

Webdunia
വെള്ളി, 3 മാര്‍ച്ച് 2017 (10:41 IST)
സംസ്ഥാനത്തെ റോഡുകൾ മെച്ചപ്പെടുത്താനായി അ‍ഞ്ചു വർഷത്തിനകം അര ലക്ഷം കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. 630 കിലോമീറ്റർ ദൂരത്തിൽ ആറു മുതൽ എട്ടു മീറ്റർ വരെ വീതിയിൽ ഒൻപതു ജില്ലകളിലൂടെ നടപ്പാക്കുന്ന തീരദേശ ഹൈവേയ്ക്കായി 6500 കോടി രൂപ കിഫ്ബി വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി പ്രവാസികളിൽ നിന്ന് ബോണ്ട് സമാഹരിക്കുമെന്നും ഐസക് അറിയിച്ചു.
 
1267 കിലോമീറ്റർ മലയോര ഹൈവെയ്ക്കായി ഒൻപതു ജില്ലകളിൽ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. അതിനായി 3500 കോടി രൂപ രൂപ വകയിരുത്തിയതായും ധനമന്ത്രി വ്യക്തമാക്കി. ഏനാത്ത് പാലത്തിന്റെ അപകടാവസ്ഥയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും നിലവിലെ അവസ്ഥ പരിശോധനയ്ക്കു വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. കിൻഫ്രയ്ക്ക് 111 കോടി രൂപ വകയിരുത്തിയതായും കമ്പോളങ്ങളുടെ ആധുനികവത്കരണത്തിന് കിഫ്ബി 100 കോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി അറിയിച്ചു.
 
ഇന്റർനെറ്റ് സൗകര്യം പൗരാവകാശമാക്കുന്ന നീക്കത്തിന്റെ ഭാഗമായി പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി. റബ്കോ പുനരുദ്ധരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള സഹകരണ ബാങ്ക് രൂപീകരിക്കും. കൂടാതെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാ‍ക്കി. 
 
കെഎസ്ഇബി ശൃംഖലയിലൂടെ ഫൈബർഓപ്റ്റിക് സംവിധാനത്തിലൂടെ ഭവനങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാക്കും. ഒന്നര വർഷത്തിനകം നടപ്പാക്കുന്ന പദ്ധതിക്കായി കിഫ്ബിയിലൂടെ 1000 കോടി രൂപയാണ് ചെലവഴിക്കുക. ബീഡി തൊഴിലാളികളുടെ ക്ഷേമത്തിനായി 20 കോടി രൂപ ചെലവഴിക്കും. കൈത്തറി രംഗത്ത് അസംസ്കൃത ഉൽപന്നങ്ങൾ വാങ്ങാനായി 11 കോടി രൂപ വകയിരുത്തിയതായും എല്ലാ സ്കൂൾ യൂണിഫോമുകളിലേക്കും കൈത്തറി വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Next Article