ട്വിറ്റർ വിഴുങ്ങാനുള്ള ഇലോൺ മസ്‌കിന്റെ നീക്കത്തിൽ പ്രതിരോധം തീർത്ത് ഡയറക്‌ടർ ബോർഡ്, എന്താകും പ്ലാൻ ബി?

Webdunia
ശനി, 16 ഏപ്രില്‍ 2022 (20:45 IST)
ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം നിഷേധിച്ചതിന് പിന്നാലെ ട്വിറ്ററിന് വിലയിട്ട് രംഗത്തെത്തിയിരിക്കുകയാണ് ശതകോടീശ്വരനായ ഇലോൺ മസ്‌ക്. 4100 കോടി ഡോളറിന് ട്വി‌റ്റർ ഏറ്റെടുക്കാൻ തയ്യാറാണെന്നും ഓഫര്‍ തള്ളിയാല്‍ ഓഹരി ഉടമയെന്ന തന്റെ സ്ഥാനം പുഃനപരിശോധിക്കേണ്ടി വരുമെന്നുമാണ് ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം.
 
കമ്പനിയുടെ നിലവിലെ പ്രവർത്തനരീതി അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഇലോൺ മസ്‌കിനുള്ളത്. അതേസമയം കമ്പനിയെ മൊത്തമായി വിശുങ്ങാനുള്ള മസ്‌കിന്റെ നീക്കത്തിനെ എതിർക്കാനുള്ള നീക്കത്തിലാണ് ട്വിറ്റർ. ഇതിന്റെ ഭാഗമായി പരിമിതകാലത്തേക്കുള്ള പുതിയ റൈറ്റ്‌സ് പ്ലാനിന് (Right's Plan) ബോര്‍ഡ് അംഗീകാരം നല്‍കി.
 
കമ്പനിയെ മുഴുവനായി വാങ്ങാൻ ശ്രമിച്ചാൽ മറ്റ് ഓഹരി ഉടമകൾക്കും കമ്പനിയിൽ കൂടുതൽ ഓഹരി വാങ്ങാനുള്ള അനുവാദം റൈറ്റ്‌സ് പ്ലാനിലൂടെ ലഭിക്കും. ഇതുവഴി ഒരു സംഘടനയോ വ്യക്തിയോ കമ്പനിയുടെ സമ്പൂര്‍ണാധികാരം സ്വന്തമാക്കുന്നത് തടയാനാണ് കമ്പനിയുടെ ശ്രമം.2023 ഏപ്രില്‍ 14 വരെയാണ് റൈറ്റ്‌സ് പ്ലാനിന്റെ കാലാവധി.
 
അതേസമയം ഓഫർ ട്വിറ്റർ നിരസിക്കുകയാണെങ്കിൽ പ്ലാൻ ബി അനുസരിച്ച് മുന്നോട്ട് പോകുമെന്നാണ് ഇലോൺ മസ്‌കിന്റെ പ്രഖ്യാപനം. എന്തായിരിക്കും മസ്‌കിന്റെ പ്ലാൻ ബി എന്നതറിയാനുള്ള ആകാംക്ഷയിലാണ് ടെക് ലോകം. നേരത്തെ കമ്പനി ഇലോൺ മസ്‌ക് ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തെ തുടർന്ന് ട്വിറ്റർ ഓഹരികൾ 12 ശതമാനത്തോളം വില ഉയർന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article