കാത്തിരിപ്പ് അവസാനിച്ചു; ആപ്പിള്‍ വാച്ച് അടുത്ത മാസമെത്തും

Webdunia
ചൊവ്വ, 10 മാര്‍ച്ച് 2015 (15:54 IST)
ലോകമെമ്പാടും എല്ലാവരും കാത്തിരുന്ന ആപ്പിള്‍ വാച്ച് അടുത്ത മാസം വിപണിയിലെത്തുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ ചീഫ് എക്‌സിക്യുട്ടിവ് ടിം കുക്കാണ് ആപ്പിള്‍ വാച്ച് അവതരിപ്പിച്ചത്. ചടങ്ങില്‍ അദ്ദേഹം വാച്ചിന്റെ  (  ന്റെ വിലയും മറ്റ് വിശദാംശങ്ങളും ഔദ്യോഗികമായി പ്രഖ്യാപിച്ചു.
 
38 വ്യത്യസ്ത മോഡലുകളിലായാണ് ആപ്പിള്‍ വാച്ച് വരുന്നത്. ഇതിന് 349 ഡോളര്‍ (21,941 രൂപ) മുതല്‍ 17,000 ഡോളര്‍ (10,68,072 രൂപ) വരെയാണ് വില. ഏപ്രില്‍ 24 മുതല്‍ വില്പന ആരംഭിക്കും. എന്നാല്‍ ഏപ്രില്‍ 10 മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗിനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഫൊണ്‍ ഉപയോഗിക്കാന്‍ കുറച്ച് കാത്തിരിക്കണം.ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ്, ജപ്പാന്‍, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലാകും ആപ്പിള്‍ വാച്ച് ആദ്യം വില്പനയ്‌ക്കെത്തുക.
 
നിരവധി ഫീച്ചറുകളാണ് ആപ്പിള്‍ വാച്ചിലൊരുക്കിയിരിക്കുന്നത്. ഇതില്‍ സാധാരണ സ്മാര്‍ട്ട് വാച്ചുകളില്‍ ഉള്ള  ഇ മെയില്‍, ടെക്സ്റ്റിങ്, ഫോണ്‍കോള്‍ എന്നീ സൌകര്യങ്ങള്‍ക്ക് പുറമേ ന്യൂസ് ഫ്ളാഷ്, ഹാര്‍ട്ട് ബീറ്റ് മോണിറ്റര്‍, ഡിജിറ്റല്‍ എന്‍ട്രി എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ ഉണ്ട്. ഫീച്ചറുകളും ഡയലും സ്ട്രാപ്പും മാറുന്നതിനനുസരിച്ച വിലയില്‍ മാറ്റമുണ്ടാകും. ഒന്നര ഇഞ്ച് വലിപ്പമുള്ള ചെറിയ വാച്ചിന് 349 ഡോളര്‍ ആണ് വില.  അലൂമിനിയം, സ്റ്റീല്‍, ഗോള്‍ഡ് സ്ട്രാപ്പുകളുള്ള മോഡലുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
 
പതിനായിരം ഡോളര്‍ വിലയുള്ള വാച്ച് നിര്‍മ്മിക്കാനായി ഉപയോഗിച്ചിരിക്കുന്നത് 18 കാരറ്റിന്റെ റോസ് ഗോര്‍ഡാണ്. ഇതുകൂടാതെ ഇന്ദ്രനീലം കൊണ്ടു നിര്‍മ്മിച്ച ഡിസ്‌പ്ലേയും  മാഗ്നറ്റിക് ചാര്‍ജിങ് കേസും ഈ വാച്ചിന്റെ പ്രത്യേകതയാണ്.
പക്ഷേ ഈ വാച്ച് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ പോക്കറ്റില്‍ ഐഫോണ്‍ വേണം.തുടര്‍ച്ചയായ 18 മണിക്കൂറാണ് വാച്ചിന് ആപ്പിള്‍ അവകാശപ്പെടുന്ന ബാറ്റററി ലൈഫ്.